Site iconSite icon Janayugom Online

മൂത്ത മകനെ ജീവനോടെയും ഇളയ മക്കളെ കൊന്നശേഷവും കെട്ടിത്തൂക്കി, കണ്ണൂർ കൂട്ടമരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത ദാരുണ സംഭവങ്ങളുടെ ഞെട്ടലിലാണ് കണ്ണൂര്‍ ചെറുപുഴ നിവാസികൾ. പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.

മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു. മക്കൾക്ക് കൊലപ്പെടുത്തുന്നതിന് മുമ്പ് ഭക്ഷണത്തിൽ കലർത്തി ഉറക്കുഗുളിക നൽകി. മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടി തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിലുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.

ചെറുപുഴ പാടിയോട്ടുചാലിൽ ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. പ്രശ്നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

eng­lish sum­ma­ry; Post­mortem report of Kan­nur mass death

you may also like this video;

Exit mobile version