Site iconSite icon Janayugom Online

വടകരയിലെ വ്യാപാരിയുടെ മരണം കൊ ലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വടകര പഴയ ബസ് സ്റ്റാൻഡിനു സമീപം മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇ എം ട്രേഡേഴ്സ് ഉടമ വടകര പുതിയാപ്പ് വലിയ പറമ്പത്ത് ‘ഗൃഹലക്ഷ്മി’യില്‍ രാജ(62)നെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. മരണ കാരണം ശ്വാസം മുട്ടിയാണ് എന്നാണ് സർജൻ പൊലീസിന് റിപ്പോർട്ട് നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ പ്രകാരം രാജനെ കടയ്ക്കുള്ളിൽവച്ച് പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസ് നൽകുന്ന സൂചന. 

മുഖത്ത് പരിക്കുകൾ കണ്ടെത്തിയിരുന്നു. രാജൻ ധരിച്ചിരുന്ന മൂന്ന് പവൻ സ്വർണചെയിൻ, മോതിരം, കടയിൽ ഉണ്ടായിരുന്ന പണം, മോട്ടോർ ബൈക്ക് എന്നിവയും മോഷണം പോയി. ശനിയാഴ്ച അർധരാത്രിയോടെയാണ് രാജനെ കടയ്ക്കുള്ളിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്താൻ വൈകിയതോടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാതായതോടെ മകനും മരുമകനും കൂടി അന്വേഷിച്ചു കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നതു കാണുന്നത്. തുടർന്ന് വ്യാപാരികളും മറ്റും ചേർന്ന് വടകര ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജന്റെ കഴുത്തിലും മുഖത്തും വിരലുകളിലും പരിക്കേറ്റ പാടുകൾ ഉണ്ട്. രാത്രിയിൽ കടയ്ക്കുള്ളിൽ നിന്ന് ഷട്ടറിൽ ഇടിക്കുന്ന ശബ്ദം കേട്ടതായി സമീപത്തുണ്ടായിരുന്നവർ പൊലീസിൽ മൊഴി നൽകി. കടയിൽ പിടിവലി നടന്നതായും സാധന സാമഗ്രികൾ ചിതറിക്കിടക്കുന്നതായും പൊലീസ് പറഞ്ഞു. കൂടാതെ കടയ്ക്കുള്ളിൽ ഉപയോഗിച്ച് ബാക്കി വന്ന മദ്യക്കുപ്പിയും ഗ്ലാസും പൊലീസ് കണ്ടെത്തി. 

വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘങ്ങൾ എന്നിവര്‍ കടയിൽ പരിശോധന നടത്തി. ശനിയാഴ്ച രാത്രിയിൽ രാജനൊപ്പം അപരിചിതനായ ഒരാൾ ഉണ്ടായിരുന്നതായി സമീപത്തെ വ്യാപാരി മൊഴി നൽകിയതിനെത്തുടർന്ന് പൊലീസ് അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. രാത്രി 8.30 ന് ശേഷം രാജനൊന്നിച്ച് ബൈക്കിൽ നീല ഷർട്ട് ധരിച്ച ഒരാൾ കടയിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പക്ഷേ സിസിടിവിയിൽ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. ഉത്തര മേഖല ഡിഐജി രാഹുൽ ആർ നായർ കൊലപാതകം നടന്ന കടയിലും ആശുപത്രി മോർച്ചറിയിലുമെത്തി പരിശോധന നടത്തി. 

വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. മദ്യപാനശീലമുണ്ടായിരുന്ന രാജന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അനിതയാണ് രാജന്റെ ഭാര്യ. മക്കൾ: റിനീഷ് (ഖത്തർ), സിനു. മരുമകൾ: പ്രിയങ്ക (നേഴ്സ്, മാഹി ഗവ.ആശുപത്രി). സഹോദരങ്ങൾ: മനോജൻ, ചന്ദ്രി, കമല. അഡി. എസ് പി പ്രദീപ് പി എം, വടകര ഡിവൈഎസ് പി ഹരിപ്രസാദ് ആർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ് പി ബാലചന്ദ്രൻ ജി, സിഐ പി എം മനോജ് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.

Eng­lish Summary:Postmortem report says the death of a trad­er in Vadakara was a murder
You may also like this video

Exit mobile version