സംസ്കൃത ഭാഷാപണ്ഡിതൻ, പ്രഗത്ഭനായ അധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി, സർ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ പൊരുതിയ വിപ്ലവകാരി, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, കെപിഎസിയുടെ മികച്ച സംഘാടകൻ, നാടകകാരൻ, പരിഭാഷകൻ, ഗാനരചയിതാവ്, നിസ്വാർത്ഥനായ സാമൂഹിക പ്രവർത്തകൻ, സർവോപരി, ഏവർക്കും ആശ്രയിക്കാമായിരുന്ന മനുഷ്യസ്നേഹി- ഇതെല്ലാമായിരുന്നു പോറ്റി സാർ. പ്രവർത്തിച്ചിരുന്ന സംഘടനകളിലൊന്നും അദ്ദേഹം ഉന്നത ശ്രേണിയിലെത്തിയിരുന്നില്ല. എന്നാൽ ആ സംഘടനകളിലെല്ലാം അദ്ദേഹത്തിന്റെ ഔന്നത്യം അംഗീകരിക്കപ്പെട്ടിരുന്നു. പോറ്റി സാർ സ്വന്തമായി ഒന്നും സമ്പാദിച്ചിരുന്നില്ല. എന്നാൽ സഹജീവികൾക്കു വേണ്ടി അദ്ദേഹം സമ്പാദിച്ചുകൊണ്ടേയിരുന്നു. ആരിൽ നിന്നും ഒന്നും തന്നെ വാങ്ങാതെ തന്റേതെല്ലാം കൊടുത്തുകൊണ്ടേയിരുന്നു. അവസാനനാൾ വരെ ആ ശീലം തുടരുവാനും കേശവന്‍ പോറ്റിയെന്ന പോറ്റി സാറിന് ഭാഗ്യമുണ്ടായി.
സ്ഥാനമാനങ്ങൾക്കും വ്യവസ്ഥാപിത അംഗീകാരങ്ങൾക്കും അതീതനായിരുന്നു പോറ്റി സാർ. അനുമോദനമോ ആദരവോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യസമര സേനാനികൾക്ക് നൽകിയിരുന്ന താമ്രപത്രം പോലും സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവാർഡുകൾ നിർണയിക്കുന്നവരും സ്ഥാനമാനങ്ങൾ നൽകുന്നവരും സാറിനെ ബഹുമാനപുരസരം ഒഴിവാക്കിയിരുന്നു.
മലയാളത്തിന്റെ മഹാകവി ഒഎൻവി കുറുപ്പ് പോറ്റി സാറിനെ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. “സംസ്കൃതത്തിലെ വ്യാകരണ ശാസ്ത്രവും കാവ്യശാസ്ത്രവും ഒരു പോലെ പഠിച്ചുവച്ചിരുന്ന പോറ്റി സാറിന് നാടകത്തെപ്പറ്റിയും വ്യക്തമായ ധാരണകളുണ്ടായിരുന്നു. ഒരു നാടകക്യാമ്പിന്റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടതിനെല്ലാം ഓടിനടക്കാനും മടിയില്ലായിരുന്നു. അഭിനേതാക്കളെ തേടി, സാറിനെ മുമ്പിൽ നിർത്തി ഞങ്ങൾ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. മധ്യതിരുവിതാകൂറിലാണെങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ വിപുലമായൊരു വലയമുണ്ടായിരുന്നു. വലിപ്പച്ചെറുപ്പ ഭേദമില്ലാതെ ഏവരുമായും അടുത്തിടപെടുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. ഒരു തെരഞ്ഞെടുപ്പിലും നിന്നു ജയിക്കാത്ത ഏറ്റവും വലിയൊരു ജനപ്രതിനിധിയായിരുന്നു പോറ്റി സാർ.
ഇതുകൂടി വായിക്കൂ: ജീവിതം തൊടുന്ന നാടകം
തന്നെക്കാൾ മറ്റുള്ളവരെയും അവരുടെ പ്രശ്നങ്ങളെയും കരുതലോടെ ശ്രദ്ധിക്കുക എന്നതാണ് സംസ്കാരത്തിന്റെ പ്രാഥമികതലം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത്, കരുനാഗപ്പള്ളിയിൽ സത്യഗ്രഹമനുഷ്ഠിക്കാൻ കിടന്നിരുന്നവരെയെല്ലാം പൊലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയപ്പോൾ, സഹനസമരം ഇടമുറിയാതിരിക്കാൻ താൻ പ്രഥമാധ്യാപകനായിരുന്ന സംസ്കൃത സ്കൂളിൽ നിന്ന് സമരവേദിയിലേക്ക് പാഞ്ഞു ചെന്ന ദേശാഭിമാനിയായിരുന്നു പോറ്റി സാർ. സ്കൂൾ വിട്ടിറങ്ങുമ്പോൾ തന്റെ രാജിക്കത്ത് ഒപ്പിട്ട് മേശപ്പുറത്ത് വയ്ക്കാൻ മറന്നിരുന്നില്ലെന്നുകൂടി ഓർക്കണം. അതേ ദേശാഭിമാനിയാണ് പിന്നീട് മധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി തന്റെ ജീവിതമുഴിഞ്ഞുവച്ചത്. പ്രസ്ഥാനത്തിൽ അദ്ദേഹം എംഎന്റെയും ശങ്കരനാരായണൻ തമ്പിയുടെയും വലംകൈയ്യായിരുന്നു. ഒളിവിലെന്നോ തെളിവിലെന്നോ ഭേദമില്ലാതെ, രാപകൽ ഭേദമില്ലാതെ…”
വിപ്ലവസ്മരണകളിലൂടെ പുതുപ്പള്ളി രാഘവന്‍ പോറ്റി സാറിനെ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. “പോറ്റി സാർ പൊതുരംഗത്തേക്ക് കാൽകുത്തുന്നത് 1946ലാണ്. ദിവാൻ സിപി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ച കാലം. അതിനെതിരായി സമരം നടത്താൻ കെ കെ ചെല്ലപ്പൻ പിള്ളയെപ്പോലെ ചില കോൺഗ്രസുകാർ ആദ്യം തീരുമാനിച്ചെങ്കിലും, മജിസ്ട്രേറ്റിന്റെ നിരോധനാജ്ഞ എത്തിയതോടെ അവർ പിന്മാറി. ഇത് വള്ളികുന്നത്തെ ചെറുപ്പക്കാരെ ചൊടിപ്പിച്ചു. അടുത്ത ദിവസം തന്നെ നിയമം ലംഘിച്ച് ക്ഷേത്രമൈതാനിയിൽ (വട്ടയ്ക്കാട്) വച്ച് പ്രസംഗിക്കാമെന്ന് ഏഴുപേർ ഏറ്റു. അതിൽ ആദ്യത്തെ ആൾ പോറ്റി സാറായിരുന്നു. ആ വരവ് നാട്ടുകാർക്ക് അതിശയവും ആവേശവും ഉളവാക്കിയ കാര്യമാണ്. അന്നുവരെ വളരെ സൗമ്യനായിക്കഴിഞ്ഞിരുന്ന ഒരു അധ്യാപകനായിരുന്നു പോറ്റി സാർ. നിയമലംഘനത്തിനുള്ള പോറ്റി സാറിന്റെ സന്നദ്ധത എല്ലാവരിലും ഉണർവുണ്ടാക്കി. നിയമം ലംഘിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. 47ൽ ഇന്ത്യ സ്വതന്ത്രയാകുംവരെ, തിരുവിതാംകൂറിൽ ഉത്തരവാദഭരണം സ്ഥാപിതമാകുംവരെ ആ ജയിൽവാസം നീണ്ടു.
ഇതുകൂടി വായിക്കൂ: അതെന്റെ ഹൃദയമായിരുന്നു
ജയിലിൽ നിന്നിറങ്ങിയ പോറ്റി സാർ സംസ്കൃത സ്കൂളിലെ ഹെഡ്‌മാസ്റ്റർ ജോലിയിൽ വീണ്ടും പ്രവേശിച്ചു. കാമ്പിശേരിയുടെയും തോപ്പിൽഭാസിയുടെയും നിർദേശത്തിനും നിർബന്ധത്തിനും വഴങ്ങി സ്കൂൾ കാര്യങ്ങളുമായി കൂടി. പക്ഷേ അധികനാൾ അത് തുടർന്നില്ല. വള്ളികുന്നത്തെ പാവപ്പെട്ടവരെ നിഷ്കരുണം പൊലീസും ഗുണ്ടകളും മർദിക്കുന്നത് നോക്കിനിൽക്കാൻ ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞില്ല. വീണ്ടും സകലതും മറന്ന് അദ്ദേഹം കർഷകരുടെ, കർഷകത്തൊഴിലാളികളുടെ, സർവോപരി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അണിയില്‍ ചേർന്നു. തന്റെ സ്ഥാനം അവരുടെ കൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയിരിക്കേ, പൊലീസിന്റെയും ഗുണ്ടകളുടെയും, പ്രമാണിമാരുടെയും മർദനങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പോറ്റി സാർ മാവേലിക്കര എംഎൽഎ കെ കെ ചെല്ലപ്പൻപിള്ളയോടൊപ്പം മൂന്നു ദിവസം തിരുവനന്തപുരത്തു താമസിച്ചു. ഉദ്ദേശിച്ചകാര്യം നടന്നില്ലെന്ന് മാത്രമല്ല, എംഎൽഎയുടെ മുമ്പിൽവച്ച് പോറ്റി സാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സാർ സ്വപ്നത്തിൽപ്പോലും അറിയാത്ത, വിചാരിക്കാത്ത ഒരു കാര്യത്തിനായിരുന്നു അറസ്റ്റ്. പോറ്റി സാർ തിരുവനന്തപുരത്തായിരുന്ന കാലത്ത് വള്ളികുന്നത്തു നടന്ന ഒരു തീവയ്പിനെച്ചൊല്ലിയായിരുന്നു അത്. സാറിനെ മോചിപ്പിക്കാനോ, ജാമ്യത്തിലിറക്കാനോ ചെല്ലപ്പൻപിള്ള ഒന്നും ചെയ്തില്ല. മജിസ്ട്രേറ്റ് ആലപ്പുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. രണ്ടുകൊല്ലം ജയിലിൽ അദ്ദേഹം കഴിച്ചു.”
ശൂരനാട് സംഭവത്തിനുശേഷം അവിടെ പാർട്ടി ലോക്കൽകമ്മിറ്റി സെക്രട്ടറിയായിരുന്ന ഡോ. പുതുശേരി രാമചന്ദ്രൻ അക്കാലത്ത് പോറ്റി സാർ നൽകിയ സംഭാവന സ്മരിക്കുന്നു. “പോറ്റി സാർ ആലപ്പുഴ സബ് ജയിലിൽ ചെന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ശൂരനാട്ടെ സംഭവം. അന്ന് പുറത്തുണ്ടായിരുന്നെങ്കിൽ നിശ്ചയമായും അദ്ദേഹം കേസിലെ പ്രതിയാകുമായിരുന്നു. ശൂരനാട് സംഭവം കഴിഞ്ഞ് നാടാകെ ഭീതിയുടെ കരിനിഴലിൽ കഴിയുന്നു. നാട്ടുകാർ മിക്കവരും സ്ഥലം വിട്ടിരുന്നു. പാർട്ടി സഖാക്കൾ മിക്കവരും ജയിലിലോ ഒളിവിലോ ആയിക്കഴിഞ്ഞു. രംഗത്തിറങ്ങി പ്രവർത്തിക്കാൻ ആരും ഇല്ലാത്ത ഒരവസ്ഥ. ആ കാലത്ത് പാത്തും പതുങ്ങിയുമാണ് ശൂരനാട് പ്രദേശങ്ങളിൽ പോയിക്കൊണ്ടിരുന്നത്. കേസിലെ സാക്ഷികളെ കണ്ടും കേസിന്റെ പോക്ക് മനസിലാക്കിയും പ്രതികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചും പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങൾക്ക് വർഷാവസാനത്തോടെ (1951) പോറ്റി സാറിന്റെ ജയിലിൽ നിന്നുള്ള വരവ് വലിയ ആശ്വാസമായി. അതോടെ കേസ് നടത്തിപ്പിന്റെ ചുമതല മുഴുവൻ പോറ്റി സാറിനെ ഡിസി ഏല്പിച്ചുകൊടുത്തു.
ഇതുകൂടി വായിക്കൂ: കാഴ്ചക്കാരനെ കമ്മ്യൂണിസ്റ്റാക്കിയ കലാവൈഭവം
പിടികിട്ടാപ്പുള്ളിയായിരുന്ന ഭാസിയുടെ കേസ് നടത്താൻ കാശുണ്ടാക്കാനുള്ള വഴിതേടിയ കൂട്ടത്തിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അച്ചടിച്ച് കൊണ്ടുനടന്ന് വിറ്റ് കാശുണ്ടാക്കുക എന്ന ആശയം സാറിന്റെതായിരുന്നു. അത് ഞങ്ങൾ എല്ലാവരും കൂടി പ്രാവർത്തികമാക്കി. സോമൻ എന്ന തൂലികാനാമത്തിലാണ് പുസ്തകം അച്ചടിച്ചിരുന്നതെങ്കിലും പുസ്തകം വാങ്ങി വീട്ടിൽ വയ്ക്കാൻ ആളുകൾ ഭയപ്പെട്ടു. പുസ്തകം വാങ്ങിയ ചിലർ ഞങ്ങൾ പോകുന്നതിനുമുമ്പ് തന്നെ പുറംചട്ട വലിച്ചുകീറുന്നതും കണ്ടു.”
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അന്ന് പോറ്റി സാർ പ്രസിദ്ധീകരിച്ചതു കൊണ്ടാണ് ആ നാടകം യഥാസമയം കെപിഎസിയുടെ ശ്രദ്ധയിൽപ്പെട്ടതും അത് രംഗത്ത് അവതരിപ്പിക്കാൻ ഇടയായതും. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ആ നാടകം അരങ്ങിലെത്തിക്കാൻ മുൻകയ്യെടുത്തത് പോറ്റി സാറായിരുന്നു. അത് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഒരു കൊടുങ്കാറ്റുതന്നെ അഴിച്ചുവിട്ടു. തോപ്പിൽ ഭാസി ജയിൽമോചിതനായപ്പോഴേക്കും ഉജ്വല വിപ്ലവകാരി എന്നതോടൊപ്പം അനുഗൃഹീതനായ നാടകകാരൻ എന്നുകൂടി അംഗീകരിക്കപ്പെട്ടു. ഒരുപക്ഷേ ഈ അംഗീകാരം കൂടിയായിരിക്കണം തോപ്പിൽഭാസിയെ കലാസാംസ്കാരിക രംഗത്ത് ഉറച്ചുനിൽക്കുവാൻ പ്രേരിപ്പിച്ചത്. ഇന്ന് പോറ്റി സാറിന്റെ ചരമവാർഷിക ദിനമാണ്. തോപ്പിൽ ഭാസിയുടെ നൂറാം ജന്മവാർഷികവും കെപിഎസിയുടെ 75-ാം വാർഷികവും ആഘോഷിക്കുന്ന ഈ വേളയിൽ പോറ്റി സാർ സ്മരണയ്ക്ക് വലിയ പ്രസക്തിയുണ്ട്.