രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്. ചൂട് കൂടിയതിന് പിന്നാലെ ഉപഭോഗം കുതിച്ചുയര്‍ന്നതോടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവ്. താപനിലയങ്ങളിലെ കൽക്കരി ശേഖരം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.
ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തി. രാജസ്ഥാനില്‍ ഏഴുമണിക്കൂര്‍ വരെ പവര്‍കട്ട് നടപ്പാക്കി. ഇതിനുപുറമെ അപ്രഖ്യാപിത പവര്‍കട്ടുകളും മണിക്കൂറുകള്‍ തുടരുന്നു. യുപിയിലും ആന്ധ്രയിലും പ്രതിസന്ധി രൂക്ഷമാണ്. കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ.
കഴിഞ്ഞ ആഴ്ച ആവശ്യമായിരുന്ന വൈദ്യതിയുടെ 12 ശതമാനത്തോളം കുറവാണ് ഉല്പാദനം. ഇതോടെ ദേശീയ പവർ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെയും പ്രതിസന്ധി ബാധിച്ചു. കേന്ദ്ര വിഹിതത്തില്‍ 200 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്.
ഝാര്‍ഖണ്ഡില്‍ 2100 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനില്‍ 2800 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ അധിക ആവശ്യം നേരിടുന്നു. ഹരിയാനയില്‍ 3000 മെഗാവാട്ടിന്റെയും പഞ്ചാബില്‍ 7000 മെഗാവാട്ടിന്റെയും കുറവുണ്ടായി. മഹാരാഷ്ട്രയില്‍ പ്രതിദിന ആവശ്യം 25000 മെഗാവാട്ടായി കുതിച്ചുയര്‍ന്നതോടെ വിതരണം പ്രതിസന്ധിയിലായി.
കൽക്കരിയുടെ ലഭ്യതക്കുറവും വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേന്ദ്ര വൈദ്യുത അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്തെ 150 ആഭ്യന്തര കല്‍ക്കരി യൂണിറ്റുകളില്‍ 86 എണ്ണത്തിലും ഈ മാസം 26ഓടെ തന്നെ ഇന്ധന ശേഖരം വളരെ താഴ്ന്ന നിലയിലാണ്. 2014 നുശേഷം ശേഖരം ഇത്രയും താഴുന്നത് ആദ്യമായാണ്. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 70 ശതമാനവും കല്‍ക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളില്‍ നിന്നാണ്. ഏപ്രില്‍ 26ന് രാജ്യത്തെ വൈദ്യുത ആവശ്യകത എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 201 ജിഗാവാട്ട്സില്‍ എത്തിയിരുന്നു.
English Summary: Power crisis intensifies: Country in darkness
You may like this video also