ഗവർണറുടെ അധികാരങ്ങളും ചുമതലകളും, അടിയന്തരാവസ്ഥ എന്നിവ പാഠഭാഗമാക്കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാർ നേരത്തെ പ്രഖ്യാപിച്ചതു പോലെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിൽ ‘ഇന്ത്യൻ ഫെഡറൽ സമ്പ്രദായത്തിലെ ഏറ്റുമുട്ടലുകൾ’ എന്ന തലക്കെട്ടിൽ ഗവർണറുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.
ഗവർണറുടെ അധികാരങ്ങളും ചുമതലകളും കൃത്യമായി പാഠഭാഗത്ത് വിശദീകരിക്കുന്നു. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ് അധികാരം നിക്ഷിപ്തമായിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്ക് ഭരണഘടനാപരമായി നാമമാത്ര അധികാരങ്ങൾ മാത്രമേ ഉള്ളൂ എന്നും വ്യക്തവും കൃത്യവുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ അധ്യായത്തിൽത്തന്നെ ‘അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധിഘട്ടം’ എന്ന തലക്കെട്ടിൽ ആ കാലഘട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

