എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ആരോപണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി . ഇത് സംബന്ധിച്ച പരാതി നവീൻ ബാബുവിന്റെ ബന്ധുക്കൾ കണ്ണൂർ ടൗൺ പൊലീസിന് നൽകി . നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു നൽകിയ പരാതിയിൽ പി പി ദിവ്യക്കും പമ്പ് ഉടമ പ്രശാന്തിനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപെടുന്നു.
ഇന്നലെ രാത്രിയാണ് പ്രവീൺ ബാബു പൊലീസിൽ പരാതി നൽകിയത്. സഹോദരൻ സർവീസിൽ മോശം ട്രാക്ക് റെക്കോർഡ് ഉള്ള ആളല്ലെന്നും അതുകൊണ്ട് സഹോദരനെ അഴിമതിക്കാരനാക്കുന്നത് ശരിയല്ലെന്നും പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു. വിളിക്കാത്ത സദസിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലാത്ത ആരോപണം പൊതുമധ്യത്തിൽ എന്തിന് ഉന്നയിച്ചെന്ന് അറിയണം. ആരോപണം ഉന്നയിച്ചതിൽ പെട്രോൾ പമ്പ് ഉടമയുടെ പങ്ക് എന്താണ്. സഹോദരന് ജീവനൊടുക്കേണ്ടി വന്നതിന്റെ കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ടൗൺ പൊലീസ് നിലവിൽ ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട് .
ആത്മഹത്യയെന്ന നിലക്ക് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അന്വേഷണം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.