Site iconSite icon Janayugom Online

ഇന്ധനവില ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റിയതായി പി പി മുകുന്ദന്‍; അപമാനിച്ച് കുമ്മനം

BJPBJP

കേരളത്തില്‍ ബി.ജെ.പി നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഇതിന് നിരവധി കാരണങ്ങളുണ്ടെന്നും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി മുകുന്ദന്‍. നേതാക്കളുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി, കേരളത്തിലെ നേതാക്കള്‍ തമ്മില്‍ ഒരു യോജിപ്പുമില്ല. പാര്‍ട്ടിയെ വളര്‍ത്തുന്നതിനും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പകരം തമ്മിലടിക്കുകയാണ് നേതാക്കള്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നല്ല താന്‍ പറഞ്ഞത്. അങ്ങനെ മാറ്റുന്നതിന് വേണ്ടി കാത്തിരിക്കേണ്ട കാര്യം ഇല്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാല്‍ സുരേന്ദ്രന്‍ ഇതിനോടകം സ്വയം മാറി നില്‍ക്കേണ്ടതാണ്. കൊടകര കേസ്, സ്ഥാനാര്‍ഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങിയവയൊക്കെ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ട്.

വിശ്വാസ്യത നഷ്ടപ്പെടുന്നത് നേതാവിനും പാര്‍ട്ടിക്കും വലിയ ക്ഷീണമുണ്ടാക്കും. ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും മുകുന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിട്ടുനില്‍ക്കുന്നത് എന്ത് സന്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഒരു പാര്‍ട്ടിയില്‍ ഐക്യവും കെട്ടുറപ്പുമില്ലെന്ന് തോന്നിയാല്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ അവിടെ നിന്ന് വിട്ടുപോകും. എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം ഈ വിഷയങ്ങള്‍ മുന്നിലുണ്ടായിരുന്നിട്ടും ഒരു നടപടി സ്വീകരിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി എന്ന് പറയുമ്പോള്‍ ശോഭ സുരേന്ദ്രനെ സംസ്ഥാന പട്ടികയില്‍ വെട്ടി. അവര്‍ കേന്ദ്രത്തെ കണ്ടാണ് സീറ്റ് നേടിയത്. അപ്പോള്‍ അച്ചടക്കം എവിടെയാണ്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനേയും അദ്ദേഹം വിമര്‍ശിച്ചു. മുരളീധരന്‍ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ കഴിയുകയെന്നാണ് മുകുന്ദന്‍ ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയുകയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവര്‍ത്തകരുടെ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്ന് നിയമസഭയിലേക്ക് വന്നപ്പോള്‍ മൂന്ന് ലക്ഷം വോട്ടുകള്‍ കുറഞ്ഞു. ഇത് എവിടെയാണ് പോയതെന്ന് പരിശോധിക്കാന്‍ പോലും തയ്യാറാകുന്നില്ല. മിടുക്കന്‍മാരായ നിരവധി പ്രവര്‍ത്തകരേയും നേതാക്കളേയും ഈ നേതൃത്വം ഒതുക്കി. ഇതിന്റെയൊക്കെ ഫലമാണ് ഈ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അത് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രമല്ല പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സംസ്ഥാനങ്ങളില്‍ പോലും ഇതാണ് അവസ്ഥ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവരുടെ ജീവിത ചെലവിനെ കുത്തനെ ഉയര്‍ത്തുന്ന തീരുമാനമാണ് ഇന്ധന വില ദിവസവും കൂട്ടുന്നത്. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന് മനസ്സിലാക്കാന്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ മതിയെന്നും മുകുന്ദന്‍ പറയുന്നു. 2016ല്‍ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അപമാനിച്ചുവെന്നും മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് പറഞ്ഞിരുന്നു. അത് പൊതുവായി പറയണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമപ്രവര്‍ത്തകരോട് കുമ്മനം പറഞ്ഞു. ഇതിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അവിടെ എത്തിയപ്പോള്‍ കുമ്മനവും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവരും ആസ്ഥാനത്ത് പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷിച്ചപ്പോള്‍ എപ്പോള്‍ വരാന്‍ പറ്റുമെന്ന് അറിയില്ലെന്നുമാണ് അന്ന് പ്രതികരിച്ചതെന്നും മുകുന്ദന്‍ വെളിപ്പെടുത്തി.

Eng­lish Sum­ma­ry: PP Mukun­dan says fuel prices have alien­at­ed peo­ple from BJP; Insult­ing Kummanam

You may like this video also

Exit mobile version