Site iconSite icon Janayugom Online

അതിദാരിദ്ര്യമുക്തി ഇടതുപക്ഷ ബദലിന്റെ പ്രായോഗിക വിജയം: ബിനോയ് വിശ്വം

രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം നാളെ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഐക്യകേരള പിറവി മുതലുള്ള ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു മുഹൂര്‍ത്തമായി അത് മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാവങ്ങളോടുള്ള പക്ഷപാതം ഇത് വെളിവാക്കുന്നു. യൂണിയന്‍ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന-ധനികപക്ഷപാതപരമായ ഭരണനയങ്ങള്‍ക്കുള്ള ബദലും അതിനോടുള്ള വെല്ലുവിളിയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടി. മനുഷ്യര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് വികസനത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നാണ് ഇടതുപക്ഷം കരുതുന്നത് എന്ന് ബിനോയ് വിശ്വം പറഞ്ഞു.

ഐക്യകേരളം രൂപപ്പെട്ടതു മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്ന ഇടതുപക്ഷ പുരോഗമന സര്‍ക്കാരുകളുടെ കാഴ്ചപ്പാടും ഭരണനയങ്ങളും ഈ ദിശയില്‍ ഉള്ളവയായിരുന്നു. കുടിയിറക്ക് നിരോധിച്ച 1957ലെ ആദ്യ കേരള സര്‍ക്കാരും ഭൂപരിഷ്‌ക്കരണം പ്രയോഗത്തില്‍ വരുത്തി മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമിയില്‍ സ്ഥിരാവകാശം നല്കുകയും പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് കിടപ്പാടം നല്കാന്‍ ലക്ഷംവീട് പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്ത 1970കളിലെ സര്‍ക്കാരും ഇന്ന് നാം നേടിയ ഈ അഭിമാനപദവിയുടെ അടിക്കല്ല് പാകിയവരാണ്. ഇത്തരത്തിലുള്ള ഒട്ടനവധി നടപടികളിലൂടെയാണ് ഒരു കാലത്ത് ജാതികളുടെ ഭ്രാന്താലയമായ, ദാരിദ്ര്യവും ക്ഷാമവും നടമാടിയ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മനുഷ്യവിഭവ സൂചികകളിലും തുടര്‍ച്ചയായ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളതും അവയുടെ ഫലമാണ്. ഭക്ഷ്യക്കമ്മി സംസ്ഥാനമായിട്ടുകൂടി കാര്യക്ഷമമായ പൊതുവിതരണ സംവിധാനത്തിലൂടെയും വിപണി ഇടപെടലിലൂടെയും വിലവര്‍ദ്ധനവ് തടഞ്ഞ് നിര്‍ത്താനും ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനും നമുക്ക് കഴിഞ്ഞു. 2021ല്‍ തന്നെ നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം 0.7% മാത്രമായ കേരളത്തിലെ അതിദാരിദ്ര്യസൂചിക രാജ്യത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ നാലര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ അതിദാരിദ്യം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞതിലൂടെ കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇന്ത്യയ്ക്കാകെ വഴികാട്ടിയായിരിക്കുകയാണെന്ന് എന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version