Site iconSite icon Janayugom Online

പ്രധാനമന്ത്രി ഉജ്വല്‍ യോജന ജലരേഖ; 11 ലക്ഷം കുടുംബങ്ങള്‍ എല്‍പിജി വാങ്ങിയില്ല

രാജ്യത്തെ സാധാരണക്കാരായ വീട്ടമ്മമാരുടെ ക്ഷേമത്തിനെന്ന പേരില്‍ 2016ല്‍ നരേന്ദ്ര മോഡി ആരംഭിച്ച പ്രധാനമന്ത്രി ഉജ്വല്‍ യോജന (പിഎംയുവൈ) പദ്ധതി ഫലം കണ്ടില്ല. 11 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടര്‍ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. അതേസമയം ഇതിന്റെ പേരില്‍ മറ്റ് ഗുണഭോക്താക്കളുടെ സബ്സിഡി ഒഴിവാക്കിയ വകയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്രം ലാഭിച്ചത് 30,000 കോടി.
ഉജ്വല്‍ യോജന വഴി 200 രൂപയാണ് നിലവില്‍ ഒരു സിലിണ്ടറിന് സബ്സിഡിയായി ലഭിക്കുക. വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ക്ക് അര്‍ഹതയുണ്ട്. 2019–20 കാലത്ത് വര്‍ഷത്തില്‍ ശരാശരി മൂന്ന് സിലിണ്ടറുകള്‍ പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുണ്ട്. 2021ല്‍ ഇത് നാലായി ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സിലിണ്ടറുകളുടെ ശരാശരി എണ്ണം വീണ്ടും മൂന്നായി ചുരുങ്ങി. പദ്ധതിയുടെ ഭാഗമായി ഒരു സിലിണ്ടര്‍ പോലും വാങ്ങാനാകാത്ത ലക്ഷക്കണക്കിന് കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ രാജ്യത്തുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
രാജ്യത്താകെ 10 കോടിയോളം ഗുണഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതിയില്‍ 11 ദശലക്ഷം (12 ശതമാനം) പേര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു സിലിണ്ടര്‍ പോലും വാങ്ങിയിട്ടില്ലെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി രാജ്യസഭയില്‍ അറിയിച്ചു. എട്ടര കോടി പേര്‍ 2022–23 വര്‍ഷം ഒറ്റ സിലിണ്ടര്‍ മാത്രമാണ് സ്വീകരിച്ചത്. ദിവസ വേതനക്കാരുടെ കുടുംബവരുമാനത്തില്‍ വന്ന തിരിച്ചടി പദ്ധതിയുടെ ആനുകൂല്യത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കാരണമായെന്ന് മന്ത്രി പറയുന്നു. 2022 ഓഗസ്റ്റ് ഒന്നിന് രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പത്ത് കോടി ഗുണഭോക്താക്കള്‍ 2021- 22 കാലത്ത് ഒറ്റ സിലിണ്ടര്‍ പോലും സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് 32 കോടിയോളം കുടുംബങ്ങള്‍ എല്‍പിജി ഉപയോഗിക്കുന്നുണ്ട്. പാചകവാതക വില പ്രതിദിനം കുതിച്ച് കയറുന്നതും സര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറച്ചതും ഉപഭോക്താക്കളെ ദുരിതത്തിലാക്കി. സബ്സിഡി വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉജ്വല പദ്ധതി നടപ്പാക്കിയതെന്ന് നിലവിലെ കണക്കുകള്‍ തെളിയിക്കുന്നു.
2018–19 സാമ്പത്തിക വര്‍ഷത്തില്‍ പാചക വാതക സബ്‌സിഡിക്കായി 37,209 കോടിയായിരുന്നു വകയിരുത്തിയിരുന്നത്. 2020–21 ആകുമ്പോഴേക്കും ഇത് 11,896 കോടിയായി ചുരുക്കി. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ വീണ്ടും വെട്ടിച്ചുരുക്കി 6,965 കോടിയാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 30,000 കോടി രൂപയ്ക്ക് മുകളിലാണ് സബ്‌സിഡി തുകയില്‍ നിന്നും മോഡി സര്‍ക്കാര്‍ ലാഭിച്ചത്. നിലവില്‍ സബ്സിഡിയില്ലാത്ത ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,103 രൂപ നല്‍കണം.

eng­lish sum­ma­ry; Prad­han Mantri Ujw­al Yojana water line; 11 lakh house­holds did not buy LPG
you may also like this video;

Exit mobile version