കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തും വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്‌ണനും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമർശങ്ങൾ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തി. ഇരുവരും സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നാണ് സർക്കാർ പറയുന്നത്.
സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനും എൻ പ്രശാന്തിനുമെതിരെ വകുപ്പുതല അന്വേഷവും നടക്കും. കാരണം കാണിക്കൽ നോട്ടീസില്ലാതെയുള്ള സസ്പെൻഷനെതിരെ പ്രശാന്ത് അഡ് മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ അധിക്ഷേപം പരസ്യമായതിനാൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നു. താക്കീതിലൊതുക്കാനായിരുന്നു ശ്രമം.
ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹമാധ്യമങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതിലുമാണ് കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്‌തത് . മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലും ഹാക്കിംഗ് എന്ന് വ്യാജ പരാതി നൽകിയതിലുമാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്‌ണനെ സസ്പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.