Site icon Janayugom Online

അഡാനിയുടെ പഴയ ഓഫര്‍ സ്വീകരിച്ച് പ്രശാന്ത് ഭൂഷണ്‍

നാല് വര്‍ഷം മുമ്പ് സുപ്രീം കോടതിയിലെ തന്റെ ഓഫീസിലെത്തി ഗൗതം അഡാനി നല്‍കിയ ‘ഓഫര്‍’ സ്വീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ‘നരേന്ദ്രഭായിയെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി’ എന്ന അഡാനിയുടെ ഓഫറാണ് പ്രശാന്ത് ഭൂഷണ്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ‘നരേന്ദ്രഭായിയോട് പറഞ്ഞ് ആ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഒരു ജോയിന്റ് പാർലമെന്റ് കമ്മിറ്റിയെ നിയോഗിക്കണം’ എന്ന് അദ്ദേഹത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്’- പ്രശാന്ത് ഭൂഷന്‍ ട്വീറ്ററിലൂടെ വെളിപ്പെടുത്തി.

 

ഹിൻഡൻബർഗ് റിപ്പോർട്ടും അഡാനി ഓഹരികളുടെ ഇടിവും ലോകത്താകമാനം ചർച്ചയായിരിക്കേയാണ് നാല് വർഷം മുമ്പ് തനിക്ക് വന്ന ഓഫറിനെ കുറിച്ച് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ഗൗതം അഡാനിയുടെ പേര് പരാമർശിക്കാതെയാണിത്. ‘നാല് വർഷങ്ങൾക്ക് മുമ്പ് ഒരു വമ്പൻ വ്യവസായി സുപ്രീം കോടതിയിലെ എന്റെ ഓഫീസിലെത്തിയെന്നും പോകാൻ നേരത്ത് അദ്ദേഹം അന്ന് വെച്ചുനീട്ടിയ ആ ഓഫർ ഞാൻ ഇപ്പോൾ സ്വീകരിക്കാമെന്ന് വിചാരിക്കുന്നു’ എന്ന് തുടങ്ങുന്ന ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപിക്കുകയാണ്. മോഡിയും അഡാനിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോകള്‍ ചേര്‍ത്ത ട്വീറ്റും പ്രശാന്ത് ഭൂഷന്റേതായി നേരത്തെ പുറത്തുവന്നിരുന്നു. അഡാനിയും മോഡിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പുറത്തുവന്ന ഒരുപാട് മാധ്യമ റിപ്പോർട്ടുകൾ ട്വീറ്റിന് മറുപടിയായി കമന്റ് ബോക്സില്‍ നിറയുന്നുണ്ട്.

 

 

ഹിൻഡൻബർഗ് റിപ്പോർട്ടിന് കൃത്യമായ മറുപടി നൽകുന്നതിനു പകരം ഇത് ഇന്ത്യക്കെതിരെയുള്ള ആക്രമണമാണെന്ന നിലയിൽ ചിത്രീകരിക്കനാണ് അഡാനിയും മോഡിയും ശ്രമിക്കുന്നതെന്നാണ് പ്രശാന്ത് ഭൂഷന്റെ നിലപാട്. അഡാനി ഗ്രൂപ്പ് നടത്തിയ ഓഹരിനിക്ഷേപത്തിലെയും നികുതിയിലെയും തട്ടിപ്പുകളുമായി ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ജോയിന്റ് കമ്മിറ്റിക്ക് സുപ്രീം കോടതിയോ ചീഫ് ജസ്റ്റിസോ നേതൃത്വം നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യം. എന്നാല്‍ കേന്ദ്ര സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല.

 

Exit mobile version