Site iconSite icon Janayugom Online

ഓണക്കാലത്ത് നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടം

PravasiPravasi

ഓണം നാട്ടിൽ ആഘോഷിക്കുന്നതിന് മറുനാടൻ മലയാളികൾക്ക് കീശ നിറയെ കാശ് വേണം. ആഘോഷങ്ങൾ മുന്നിൽ കണ്ട് ബസ്, വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതോടെയാണ് അധിക പണം ചെലവഴിക്കേണ്ട അവസ്ഥ. ട്രെയിൻ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുമ്പേ തീർന്നു. ഇത് കണക്കിലെടുത്താണ് ഇതര സർവീസുകളുടെ മുതലെടുപ്പ്. ഡൽഹിൽ നിന്നും കൊച്ചിക്ക് വിമാന നിരക്ക് 6000 രൂപ ആയിരുന്നത് ഓണക്കാലമായതോടെ 8500 മുതൽ 12,500 വരെയായി ഉയർന്നു. ഓണക്കാലത്ത് ഗൾഫ് മലയാളികൾക്ക് നാട്ടിലെത്തണമെങ്കിൽ കുറച്ചധികം കാശ് മുടക്കേണ്ടി വരും. വിമാന ടിക്കറ്റ് നിരക്കാണ് കുത്തനെ ഉയർന്നിരിക്കുന്നത്. ഗൾഫ് മലയാളികളിൽ അധികം പേരും ഓണത്തിനുള്ള നാട്ടിലേയ്ക്കുള്ള വരവ് മാറ്റി വെച്ചിരിക്കുകയാണ്. 

ബസ് സവ്വീസിന് 4200 രൂപ മുതലാണ് ടിക്കറ്റ് നൽകുന്നത്. ബംഗളൂരു, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള അവസ്ഥയും വ്യത്യസ്തമല്ല. ഉത്സവ സീസണിനോടനുബന്ധിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനവും പല ഏജൻസികളും താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഓണത്തോടടുത്തുള്ള ദിവസങ്ങളിൽ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന തുകയിൽ നിന്നും ഇനിയും വർധനയുണ്ടാകുമെന്ന് യാത്രക്കാർ പറയുന്നു. ചെന്നൈയിൽ നിന്നും ആലപ്പുഴയിലെത്താൻ 2000 രൂപ മുതൽ 2800 രൂപ വരെയായിരുന്നു നേരത്തെ ഈടാക്കിയിരുന്നതെങ്കിൽ നിലവിൽ 3000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അവധിക്കാലത്തെ യാത്രാച്ചെലവ് താങ്ങാനാകാതെ യാത്ര മാറ്റിവെച്ചരിക്കുകയാണ് പലരും. ഇതിൽ ഭിന്നശേഷിക്കാരയവരടക്കം ഉൾപ്പെടുന്നു. വിദ്യാർഥികളും, വിവിധ മേഖലയിൽ തൊഴിൽ ചെയ്യുന്നവരും ഇതിലുണ്ട്. കേരളത്തിലേക്ക് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ടെങ്കിലും നാമമാത്രമായ ഇവയുടെ ടിക്കറ്റുകൾ വളരെ നേരത്തെ ബുക്ക് ചെയ്ത് പോയിട്ടുണ്ട്. നാട്ടിലേക്കുള്ള യാത്രക്ക് മാത്രമല്ല തിരിച്ചുള്ള യാത്രക്കും യാത്രക്കാരെ പിഴിയുന്ന സമീപനമാണ് സ്വകാര്യ ട്രാവൽ ഏജൻസികൾക്ക്. 

ഓണക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിരണ്ട് എസി സ്പെഷ്യൽ ബസുകൾ ബംഗളുരുവിൽ നിന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലേക്ക് അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും. 

You may also like this video

Exit mobile version