Site iconSite icon Janayugom Online

പ്രാര്‍ഥനകള്‍ വിഫലം; ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിയായ യുവതി മരിച്ചു

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയംമാറ്റിവച്ച നേപ്പാള്‍ സ്വദേശിയായ യുവതി അന്തരിച്ചു. ദുര്‍ഗാ കാമിയാണ് ഇന്നലെ രാത്രി 10.05ഓടെ മരണമടഞ്ഞത്. ശ്വാസകോശം നിലച്ചതും പിന്നീടുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണം. കഴിഞ്ഞ ദിവസം യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ഇക്കാര്യം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതാണ്. എന്നാല്‍ ഇന്നലയോടെ അവസ്ഥ മോശമാവുകയായും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ഹൃദയമാണ് അന്ന് തന്നെ ദുര്‍ഗയില്‍ മാറ്റിവച്ചത്. 

അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തിന്റെ കുരുക്കഴിഞ്ഞതോടെയാണ് ആറുമാസത്തിലധികമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന ദുര്‍ഗക്ക് തുടര്‍ ചികിത്സ യാഥാര്‍ഥ്യമായത്. ജനിതാവസ്ഥയായ ഡാനോന്‍ മൂലം ഹൃദയസംബദ്ധമായ ഹൈപ്പര്‍ ട്രോപിക് കാര്‍ഡിയോമയോപ്പതി എന്ന രോഗത്തിന്റെ പിടിയിലായ ദുര്‍ഗയ്ക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. പിതാവ് നേരത്തെ മരണമടഞ്ഞിരുന്നു. ഈ പെണ്‍കുട്ടിയ്ക്കും ഇതേ അസുഖമായിരുന്നു. ഇവരെ സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ഈ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. അവിടുത്തെ വന്‍ ചികിത്സാ ചെലവ് കാരണം ദുരിതത്തിലായ ദുര്‍ഗയെ അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.

Exit mobile version