Site iconSite icon Janayugom Online

ഫിൻലാൻഡ് പ്രസിഡന്റ് ഇന്ത്യയിൽ; നാല് ദിവസത്തെ സന്ദർശനം ആരംഭിച്ചു

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനായി ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ബുധനാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യവും ചർച്ചയിൽ പ്രധാന വിഷയമാകുമെന്നാണ് സൂചന. വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന റൈസീന ഡയലോഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അലക്സാണ്ടർ സ്റ്റബ് മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രസിഡന്റ് ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപായി വെള്ളിയാഴ്ച മുംബൈയിൽ വെച്ച് പ്രമുഖ വ്യവസായ പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തും. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സ് നേതാക്കളും അടങ്ങുന്ന ഉന്നതതല സംഘമാണ് പ്രസിഡന്റിനൊപ്പമുള്ളത്.

Exit mobile version