നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിന് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാവില്ലെന്ന സുപ്രീം കോടതി വിധിയില്‍ അസംതൃപ്തി രേഖപ്പെടുത്തി സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.
വിഷയത്തില്‍ പരമോന്നത കോടതി പുറപ്പെടുവിച്ച ഏപ്രില്‍ മാസത്തെ വിധിയെ പാടെ നിരാകരിക്കുന്ന വിധിയാണിത്. ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നിനുള്ള നിയമ നിര്‍മ്മാണത്തിന്റെ ഭാഗമായി പാസാക്കുന്ന ബില്ലുകള്‍ അനുവദിക്കുക എന്നത് ഗവര്‍ണര്‍മാരുടെ കടമയാണ്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടറില്ല. പ്രതിപക്ഷ സംസ്ഥാനങ്ങളിലാണ് ഇത്തരം പ്രവണത ഗവര്‍ണര്‍മാര്‍ തുടരുന്നത്.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ആറോളം ബില്ലുകളാണ് അനുമതി നല്‍കാതെ പിടിച്ചുവച്ചത്. ഇത് സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സമാന വിഷയം കേരളവും ഉന്നയിച്ചിരുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നതിനിടെയാണ് പുതിയ ഉത്തരവെന്നത് ശ്രദ്ധേയമാണ്. അധികാരം കേന്ദ്രീകരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമം സംസ്ഥാന ഫെഡറല്‍ സ്വാതന്ത്ര്യം കവരുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കാത്ത വിധി, ഗവര്‍ണര്‍മാര്‍ ആയുധമാക്കും. ഇത് ഭാവിയില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍മാരുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിതുറക്കും. സുപ്രീം കോടതി വിധിയില്‍ ജനങ്ങളാകെ അസ്വസ്ഥരാണ്.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ജനാധിപത്യ വിരുദ്ധ നിലപാടണെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

