Site iconSite icon Janayugom Online

രാഷ്ട്രപതിയെ ഒഴിവാക്കിയുള്ള സവര്‍ക്കറുടെ ജന്മദിനത്തിലെ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയെ ‘ദുശ്ശകുനം’ എന്ന് ആക്ഷേപിച്ച് ബിജെപി. മെയ് 28ന് ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മോഡി സര്‍ക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനെതിരെ രാഹുല്‍ ഗാന്ധിയക്കം പ്രതിപക്ഷ നേതാക്കളും കക്ഷികളും ആശങ്ക അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയല്ല, പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നും സവര്‍ക്കറുടെ ജന്മദിനമല്ല അതിനായി തിരഞ്ഞെടുക്കേണ്ടത് എന്നുമായിരുന്നു രാഹുല്‍ ഗാന്ധി പ്രസ്താവിച്ചത്. എന്നാല്‍, രാജ്യത്ത് ഒരു ചരിത്ര നിമിഷം ഉണ്ടാകുമ്പോഴെല്ലാം രാഹുല്‍ ഗാന്ധിക്ക് നെഞ്ചിടിപ്പാണെന്ന് ആരോപിക്കുകയാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചെയ്തത്. ശുഭമുഹൂര്‍ത്തങ്ങളില്‍ ‘ദുശ്ശകുനം’ പോലെ മുന്നില്‍ വരുമെന്നും ഭാട്ടിയ രാഹുലിനെ പരിഹസിച്ചു. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ ക്ഷേത്രമായി മാറുന്ന ഇത്തരമൊരു ചരിത്ര നിമിഷത്തെ സ്വാഗതം ചെയ്യാൻ കഴിയാത്ത ഇടുങ്ങിയ ചിന്തയാണ് രാഹുലിനെന്നും ഭാട്ടിയ പറഞ്ഞു.

അതേസമയം നരേന്ദ്രമോഡിയുടെ തീരുമാനത്തിനെതിരെ സിപിഐ നേതാവ് ഡി രാജ, ആർജെഡി നേതാവ് മനോജ് കുമാർ ഝാ, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി എന്നിവർ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്വയം പ്രതിച്ഛായയോടും കാമറകളോടും ഉള്ള അമിതമായ അഭിനിവേശം മോഡി ജിയുടെ കാര്യത്തിൽ മാന്യതയെയും മാനദണ്ഡങ്ങളെയും തുരത്തുന്നു എന്നായിരുന്നു ഡി രാജ പറഞ്ഞത്.

പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവഗണിച്ചുകൊണ്ടുള്ള നരേന്ദ്ര മോഡിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എതിര്‍പ്പ് അറിയിച്ചു. മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔചിത്യത്തോടാണ് ആവർത്തിച്ച് അനാദരവ് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് അജണ്ട മാത്രമാണ് ബിജെപി-ആര്‍എസ്എസ് സര്‍ക്കാരിന്റെ ദളിത്, ഗോത്ര വിഭാഗ സ്നേഹം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് ദളിത് വിഭാഗത്തില്‍പ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും മോഡി ക്ഷണിക്കുന്നില്ലെന്നത് അതിന് തെളിവാണ്. മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

ഇന്ത്യയുടെ പാർലമെന്റ് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പരമോന്നത നിയമനിർമ്മാണ സ്ഥാപനമാണ്. ഇന്ത്യൻ രാഷ്ട്രപതിയാണ് അതിന്റെ പരമോന്നത ഭരണഘടനാ അധികാരം. അവർ മാത്രമാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാ പൗരന്മാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നത്. അവർ ഇന്ത്യയുടെ പ്രഥമ പൗരനാണ്. അവര്‍ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെയാണ് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രകീര്‍ത്തിക്കാനാവുക എന്നും ഖാർഗെ പറഞ്ഞു.

2020 ഡിസംബർ 10ന് പ്രധാനമന്ത്രി നേരേന്ദ്രമോഡി തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.

Eng­lish Sam­mury: oppo­si­tion lead­ers said, Pres­i­dent should inau­gu­rate the new Par­lia­ment House and not Prime Minister

Exit mobile version