രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ബിജെപി കോണ്‍ഗ്രസ് അടക്കമുള്ളവരുമായി ബന്ധപ്പെട്ടിരിക്കുകയാണ് . രാജ്‌നാഥ് സിംഗും, ജെപി നദ്ദയുമാണ് ഈ തന്ത്രങ്ങള്‍ക്ക് പിന്നില്‍. എതിരാളികളുമായി ബന്ധപ്പെടാനാണ് നീക്കം. അതേസമയം പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പ് അറിയാന്‍ ശ്രമിക്കുന്നുണ്ടെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു.രാജ്‌നാഥ് സിംഗ് താനുമായി ബന്ധപ്പെട്ടതായും ഗാര്‍ഗെ സ്ഥിരീകരിച്ചു. പ്രതിപക്ഷത്തിന്റെ കൂടെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷിച്ചതെന്ന് ഗാര്‍ഗെ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് അറിയാന്‍ പ്രധാനമന്ത്രിക്ക് താല്‍പര്യമുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താനുമായി സംസാരിച്ചെന്ന് ഗാര്‍ഗെ പറഞ്ഞു. വിവാദ നേതാവല്ലാത്ത ഐകണ്‌ഠ്യേനയുള്ള ഒരു പേര് പ്രതിപക്ഷം നിര്‍ദേശിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുമോ എന്നും ഗാര്‍ഗെ ചോദിച്ചു. ഞാന്‍ രാജ്‌നാഥ് സിംഗുമായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രി ഉദ്ദേശിക്കുന്ന കാര്യത്തെ കുറിച്ച് രാജ്‌നാഥ് ഞങ്ങളോട് പറഞ്ഞു. എന്താണ് അവര്‍ മുന്നോട്ട് വെക്കുന്ന പേരെന്ന് ഞാന്‍ ചോദിച്ചു. പ്രതിപക്ഷത്തിന്റെ പിന്തുണയാണോ വേണ്ടതെന്ന് ഞാനും ചോദിച്ചു. എന്നാല്‍ പിന്നീട് രാജ്‌നാഥ് സിംഗില്‍ നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഗാര്‍ഗെ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. കാരണം 50 ശതമാനത്തോളം വോട്ട് ഞങ്ങള്‍ക്കുണ്ട്. പക്ഷേ ഒരുമിച്ച് പോരാടാനാണ് കോണ്‍ഗ്രസ് ശ്രമം. ആ ഐക്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗാര്‍ഗെ പറഞ്ഞു. അതേസമയം ശത്രുക്കളെ മുഴുവന്‍ വിളിച്ച് പിന്തുണ തേടുകയാണ് ബിജെപി. പ്രതിപക്ഷ നേതാക്കളുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിളിച്ചു. മമതയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ബിജെപി. എന്നിട്ടും വിളിച്ചത് തന്ത്രപരമായ നീക്കമാണ്. എന്നാല്‍ മമത ഒരു വശത്ത് പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് പോകാനാണ് ശ്രമിക്കുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായിട്ടും രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി. ബിജെപി ഇതുവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു പേരും നിര്‍ദേശിച്ചിട്ടില്ല.
പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടത്തുന്നതെന്നാണ് ബിജെപിയുടെ വിശദീകരണം. സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് എന്‍ഡിഎ യോഗം ഉടന്‍ ചേര്‍ന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിന് മുമ്പ് ബിജെപി പാര്‍ലമെന്റ് ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ഥിരം ശത്രുക്കളെ വിളിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യം അവരുടെ മനസ്സിലുണ്ടെന്നാണ് സൂചന. പ്രതിപക്ഷത്തിന് പോലും തള്ളിക്കളയാന്‍ പറ്റാത്ത സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം പ്രതിപക്ഷത്ത് നിന്ന് ആരുടെയെങ്കിലും പിന്തുണ ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ബിജെപിക്ക് അറിയാം. ഇത്തവണ എല്ലാവരോടും ചോദിച്ചിരുന്നു എന്ന് പറയാന്‍ വേണ്ടിയുള്ള നീക്കമാണിത്. കഴിഞ്ഞ തവണ എല്ലാവരോടും ചോദിച്ചിരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരില്‍ നിന്ന് ബിജെപി പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
English Summary: Presidential candidate: BJP seeks support from opposition parties
You may also like this video: