രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി 15 ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
2017ൽ എൻഡിഎയുടെ ഭാഗമായിരുന്ന ശിവസേന, അകാലിദൾ, ടിഡിപി തുടങ്ങിയ പാർട്ടികൾ ഇക്കുറി ബിജെപിക്ക് ഒപ്പമില്ല. കഴിഞ്ഞതവണ പിന്തുണ നൽകിയിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് പ്രതിപക്ഷ ചേരിയിലായി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണത്തില്‍ നിന്ന് പുറത്തായതും ബിജെപിക്ക് വന്‍ തിരിച്ചടിയായി. ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ കുത്തനെ ഇടിഞ്ഞതും ബിജെപിയുടെ വോട്ടുമൂല്യത്തില്‍ ഗണ്യമായ കുറവുണ്ടാക്കി.
കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ മീരാ കുമാര്‍ പരാജയപ്പെട്ടുവെങ്കിലും ഏറ്റവുമധികം വോട്ട് നേടി തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയായി മാറിയിരുന്നു. 65.55 ശതമാനം വോട്ട് നേടിയായിരുന്നു രാംനാഥ് കോവിന്ദ് വിജയിച്ചത്. പോള്‍ ചെയ്ത 10,69,358 വോട്ടുകളില്‍ 7,02,044 വോട്ടുകളായിരുന്നു കോവിന്ദിന് ലഭിച്ചത്. മീരാ കുമാറിന് 3,67,314 വോട്ടുകളും ലഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളില്‍ 522 എംപിമാരുടെ വോട്ട് കോവിന്ദിനും 225 പേരുടെ വോട്ട് മീരയ്ക്കും ലഭിച്ചു. കഴിഞ്ഞതവണ എന്‍ഡിഎ വിജയത്തില്‍ നിര്‍ണായകമായത് അണ്ണാ ഡിഎംകെ, ജെഡിയു, ബിജെഡി, ടിആര്‍എസ്, തെലുങ്ക് ദേശം പാര്‍ട്ടി എന്നിവരുടെ പിന്തുണയായിരുന്നു. നിലവിലെ കണക്ക് പ്രകാരം 5,43,000 വോട്ടാണ് വിജയിക്കാന്‍ വേണ്ടത്. എന്‍ഡിഎ സഖ്യത്തിന് ഇത്രയും വോട്ടുകള്‍ തികയ്ക്കാനായിട്ടില്ല. വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളുടെ പിന്തുണയില്‍ കുറവ് പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഈ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്ന പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് കളമൊരുങ്ങും. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ നിതീഷ് കുമാറും ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലാണ്.
രണ്ട് സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള ആംആദ്മി പാര്‍ട്ടിയുടെ നിലപാട് ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറും. ടിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും പ്രതിപക്ഷ സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞദിവസം അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. സിപിഐ അടക്കമുള്ള ഇടതു പാര്‍ട്ടികളുമായും എന്‍സിപി നേതാവ് ശരത് പവാറുമായും ഖാര്‍ഗെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് പ്രതികരിച്ചിട്ടുണ്ട്. പുരോഗമന, മതേതര ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമവായ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
English Summary:Presidential election; Opposition unity is crucial
You may also like this video