Site iconSite icon Janayugom Online

രാഷ്ട്രപതിയുടെ വാദം അംഗീകരിക്കാനാവില്ല: ബിനോയ് വിശ്വം

ബിജെപിയുടെ കല്പനപ്രകാരം ബില്ലിന്മേല്‍ അടയിരിക്കാം എന്ന രാഷ്ട്രപതിയുടെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവര്‍ണറും രാഷ്ട്രപതിയും ബില്ലുകള്‍ തടഞ്ഞുവയ്ക്കരുതെന്ന നീതിയുടെ പ്രഖ്യാപനമാണ് സുപ്രീം കോടതി നടത്തിയത്. 

കേന്ദ്രസര്‍ക്കാരിന്റെ പ്രേരണപ്രകാരമാകാം സുപ്രീം കോടതി തെറ്റ് കാണിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞത്. ആ നിലപാട് രാജ്യം അംഗീകരിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എത്ര കാലം വേണമെങ്കിലും ബില്ലുകള്‍ വച്ചുതാമസിപ്പിക്കാമെന്ന് ഭരണഘടന പറയുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഭരണകാര്യങ്ങള്‍ വേഗത്തില്‍ നീങ്ങണമെന്നതാണ് നിയമപരമായ ശരി. ഇത്തരത്തില്‍ വേഗത്തില്‍ നീങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. അതിനുവേണ്ടി രാഷ്ട്രപതിയെ മോഡി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുവാന്‍ പാടില്ലായിരുന്നു. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതിക്ക് ഇടം നല്‍കാതെ അപമാനിച്ച സര്‍ക്കാരാണ് ബിജെപിയുടേത്. അത്രയും വലിയ അവഗണന കാണിച്ച അതേ സര്‍ക്കാരാണ് ഇപ്പോള്‍ രാഷ്ട്രപതിയെക്കൊണ്ട് മുരടിച്ച വാദം പറയിപ്പിക്കുന്നത്.
പോസ്റ്റല്‍ വോട്ട് പൊട്ടിച്ചു വായിക്കുന്നത് നിയമപരമായി ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പോസ്റ്റല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി സുധാകരന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

Exit mobile version