Site iconSite icon Janayugom Online

പണം വാങ്ങി വാർത്ത നൽകുന്നത് അവസാനിപ്പിക്കണം: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ

പണം വാങ്ങി വാർത്ത കൊടുക്കരുതെന്ന മുന്നറിയിപ്പുമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന തെരഞ്ഞെടുപ്പുകളുടെ ഭാഗമായാണ് പ്രസ് കൗൺസിലില്‍ പത്രമാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പണമടച്ചുള്ള വാർത്തകളെ സംബന്ധിച്ച് 2022ൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാധ്യമ പ്രവർത്തനത്തിന്റെ മാനദണ്ഡങ്ങൾ മുറുകെ പിടിക്കണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങി വാർത്ത കൊടുക്കുന്ന രീതി ഒഴിവാക്കണമെന്നും പ്രസ് കൗൺസിൽ പുറത്തുവിട്ട കുറിപ്പില്‍ നിര്‍ദ്ദേശിക്കുന്നു.

നേതാക്കൾ പറയുന്ന വാക്കുകൾ പത്രമാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിക്കുകയോ, ഉദ്ധരിക്കുകയോ പാടില്ല. അവർ പറയാൻ ഉദ്ദേശിച്ച അതേ രീതിയിൽ വാർത്ത നൽകണം. ഒരേ ഉള്ളടക്കം വരുന്ന രാഷ്ട്രീയ വാർത്തകൾ വ്യത്യസ്ത പത്രങ്ങളിൽ വരുന്നത് പെയ്ഡ് വാർത്തകളാണെന്ന ഗണത്തില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് സമയങ്ങളിൽ രണ്ട് പത്രത്തിൽ ഒരേ വാർത്ത പ്രസിദ്ധീകരിക്കുന്നത് യാദൃശ്ചികമല്ല. പ്രത്യേക താൽപര്യത്തിന് വേണ്ടിയാണ് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. ജാതി അടിസ്ഥാനത്തിൽ വോട്ടർമാരുടെ പേരുകളും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയെ പിന്തുണക്കുന്നവരുടെയോ പേരുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്താ കോളങ്ങൾ പെയ്ഡ് വാർത്തകളാണ്. ഏതെങ്കിലും പാർട്ടിയുടെ മാത്രം ചിത്രങ്ങൾ കൂടുതൽ പരിഗണനയോടെ നൽകുന്നതും പെയ്ഡ് വാർത്തയാണ്, ’ പ്രസ് കൗൺസിൽ വ്യക്തമാക്കി.

സ്ഥാനാർത്ഥികളെ സംബന്ധിച്ച വാർത്തകളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുന്നതിന് സന്തുലിതാവസ്ഥ കൊണ്ട് വരണമെന്നും തെരഞ്ഞെടുപ്പ് പ്രവചന ഫലങ്ങൾ സ്ഥിരീകരണമില്ലാതെ പ്രസിദ്ധീകരിക്കരുതെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പത്രങ്ങൾക്ക് സ്വതന്ത്രമായി സ്ഥാനാർത്ഥികളെ കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാമെന്നും അത് പെയ്ഡ് വാർത്തയാകില്ലെന്നും പറഞ്ഞു. അതേസമയം, സിനിമാപ്രവർത്തകർ പങ്കെടുക്കുന്ന പ്രചരണ യോഗങ്ങളെകുറിച്ചുള്ള വാർത്തകൾ പെയ്ഡ് വാർത്തയായി കണക്കാക്കില്ലെന്നും പ്രസ് കൗൺസിൽ അറിയിച്ചു.

Eng­lish Sam­mury:  Press Coun­cil warns the press, Get the mon­ey and stop the news

 

Exit mobile version