Site iconSite icon Janayugom Online

പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദം ശക്തം; ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ‍ഡോ രാജിവച്ചു. ഒമ്പത് വർഷത്തെ ഭരണത്തിന് ശേഷമാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടി നേതൃസ്ഥാനം ട്രൂഡോ ഒഴിയുന്നത്. നാളെ ചേരുന്ന പാർട്ടി ദേശീയ കോക്കസ് യോഗത്തിന് മുമ്പായി ട്രൂഡോ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥാനമൊഴിയാനുള്ള സ­മ്മര്‍ദം ശക്തമായിരുന്നിട്ടും ട്രൂഡോ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെയാണ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.
ഒക്ടോബർ അവസാനം നടക്കേണ്ട തെരഞ്ഞെടുപ്പിൽ പാർട്ടി, പ്ര­തിപക്ഷമായ കൺസർവേറ്റീവിനോട് കനത്ത തോൽവി ഏറ്റുവാങ്ങാൻ സാധ്യതയുണ്ടെന്ന സര്‍വേ ഫലങ്ങള്‍ക്കിടെയാണ് ട്രൂഡോയുടെ രാജി. കുറച്ചുമാസങ്ങളായി നിരവധി എംപിമാരാണ് ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഹൗസ് ഓഫ് കോമൺസിലെ 153 പാർട്ടി എംപിമാരിൽ പ­കുതിയിലധികം പേ­രും ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ജനവരി 27ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തി­ല്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം അ­വതരിപ്പിക്കുമെന്നാ­യിരുന്നു പ്രഖ്യാ­പ­നം. ഈ സാഹചര്യത്തി­ല്‍ സമ്മേളനം നീട്ടിവയ്ക്കാന്‍ ട്രൂഡോയ്ക്ക് പദ്ധതിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന കാലത്താണ് 2013ല്‍ ട്രൂ­ഡോ നേതൃസ്ഥാനത്തേക്കെത്തുന്നത്. അക്കാലത്ത്, ചരിത്രത്തിലാദ്യമായി ഹൗസ് ഓഫ് കോമൺസിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2015 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച് ട്രൂഡോ കാനഡയുടെ 23-ാം പ്രധാനമന്ത്രിയായത്.എന്നാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ പാര്‍ട്ടിയുടെ ജനപ്രീതി 16 ശതമാനമായി കുറഞ്ഞുവെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ കാന‍ഡ പ്രതിസന്ധി നേരിടുന്ന സമയമാണിപ്പോള്‍. കുടിയേറ്റക്കാരെയും മയക്കുമരുന്ന് വ്യാപനവും തട‍ഞ്ഞില്ലെങ്കില്‍ കാന‍ഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖലിസ്ഥാന്‍ നേതാക്കളെ സംരക്ഷിക്കുന്ന ട്രൂഡോയുടെ നിലപാടിനെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശം സ്ഥിതിയിലാണ്.

Exit mobile version