Site iconSite icon Janayugom Online

പട്ടിണി മരണം തടയല്‍: ഭരണഘടനാ ബാധ്യത; കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ക്ഷേമരാഷ്ട്രത്തില്‍ ജനങ്ങള്‍ പട്ടിണിമൂലം മരിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് സുപ്രീം കോടതി. സമൂഹഅടുക്കള സംബന്ധിച്ച വിഷയത്തില്‍ രാജ്യത്ത് പൊതുനയം വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. രാജ്യത്ത് സമൂഹഅടുക്കള സംബന്ധിച്ച നയരൂപീകരണത്തിനുള്ള അവസാന അവസരമാണ് കേന്ദ്ര സർക്കാരിനു നല്‍കുന്നതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, ഹിമ കോ‌ലി എന്നിവരുള്‍പ്പെട്ട ബെഞ്ച് മുന്നറിയിപ്പു നല്‍കി. കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ‑പൊതുവിതരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിലെ കടുത്ത അതൃപ്തിയും ബെഞ്ച് വ്യക്തമാക്കി. ഈ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.
സമൂഹഅടുക്കള പദ്ധതി സംബന്ധിച്ച് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ മാത്രമാണ് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്ളത്. കോടതി രേഖപ്പെടുത്തിയ വിവരങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഒക്ടോബര്‍ 27ലെ കോടതി ഉത്തരവു പ്രകാരം സമൂഹ അടുക്കള സംബന്ധിച്ച കാര്യത്തില്‍ ദേശവ്യാപകമായ നയം രൂപീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനോട് പുറംതിരിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

കോടതിയുടെ മുന്‍ ഉത്തരവു പ്രകാരം സമൂഹഅടുക്കളയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുമായി നടത്തിയ വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ മുന്നോട്ടു വന്ന കാഴ്ചപ്പാടുകളാണ് സത്യവാങ്മൂലമായി സമര്‍പ്പിച്ചിരിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ കോടതിയെ അറിയിച്ചു. ഈ അവസരത്തിലാണ് കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകാത്തതിലെ അതൃപ്തി കോടതി വ്യക്തമാക്കിയത്. സത്യവാങ്മൂലത്തില്‍ നയരൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എജി മറ്റൊരു കേസില്‍ പങ്കെടുക്കുകയാണെന്ന് എഎസ്ജി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസിന്റെ വാദം പൂര്‍ത്തിയാകുന്നതിനു മുമ്പേ എജി ഹാജരായി.

സമ്പൂര്‍ണമായ ഒരു നയം കേന്ദ്രം ഇക്കാര്യത്തില്‍ രൂപീകരിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ നിന്നാകും ഇത് സാധ്യമാക്കുകയെന്നും എജി കോടതിയെ ബോധിപ്പിച്ചു. ഇതിന് നിയമപരമായ പരിരക്ഷ വേണമെന്നും സര്‍ക്കാരിന്റെ നയംമാറ്റം ഇതിനെ ബാധിക്കരുതെന്നും ഈ അവസരത്തില്‍ സിജെ നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ല. ഇക്കാര്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കണം. സമഗ്രമായ പദ്ധതിയാണ് ആവശ്യം. പദ്ധതി അടിയന്തരമായി നടപ്പിലാക്കേണ്ടത് എവിടെയെന്നും ഉടന്‍ നിശ്ചയിക്കണം. എങ്കിലേ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് സംസ്ഥാനങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്നും സിജെ പറഞ്ഞു. യോഗം വിളിച്ചു ചേര്‍ക്കാന്‍ മൂന്നാഴ്ചത്തെ സമയം വേണമെന്ന എജിയുടെ ആവശ്യം തുടര്‍ന്ന് കോടതി അംഗീകരിച്ചു. പോഷകാഹാര വിഷയമല്ല കോടതി പരിഗണിക്കുന്നതെന്ന് സിജെ അടിവരയിട്ടു. പട്ടിണി മരണവും പോഷകാഹാര കുറവും തമ്മില്‍ ബന്ധിപ്പിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് മൂന്നാഴ്ചക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. അരുണ്‍ ധവാന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. 

ENGLISH SUMMARY:Prevention of star­va­tion: con­sti­tu­tion­al oblig­a­tion; Supreme Court slams cen­tral government
You may also like this video

Exit mobile version