Site icon Janayugom Online

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ല; ഹൈക്കോടതി

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവ്. പാലക്കാട് സ്വദേശികളായ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥന്റെ ഉത്തരവ്. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു ഹർജി.

രജിസ്ട്രേഷനിലൂടെ ഒരുവ്യക്തി അയാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാൾക്ക് കൈമാറുന്നത് എന്നതിനാൽ മുൻകാല ആധാരം ഹാജരാക്കണമെന്നുപറഞ്ഞു രജിസ്‌ട്രേഷൻ നിഷേധിക്കാൻ സബ്രജിസ്ട്രാർക്കാവില്ല.ഇതോടെ മുന്നാധാരങ്ങൾ ഇല്ലാതെയും രജിസ്‌ട്രേഷൻ നടക്കുമെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ മറ്റു റവന്യു നടപടികൾ ബാധകമായേക്കും.
കൈവശാവകാശം കൈമാറി രജിസ്‌ട്രേഷൻ നടത്താൻ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാർമാർ നോക്കേണ്ടതില്ലെന്നും ‘സുമതി കേസിൽ’ ഹൈക്കോടതി വിധിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി.

ഏതുതരത്തിലായാലും ഒരാൾക്ക് ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്. പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥത ഉൾപ്പെടെ അവകാശങ്ങൾ അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുൻഉത്തരവിലുണ്ട്.

രജിസ്‌ട്രേഷൻ നിയമത്തിലെ 17 വകുപ്പ് പ്രകാരം മുന്നാധാരം നിഷ്കർഷിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കൈവശാവകാശം പോലും കൈമാറ്റം ചെയ്യാനാകുമെന്നും സർക്കാർ ഭൂമിയല്ലാത്തതിനാൽ രജിസ്ട്രഷൻ നിഷേധിക്കാനാകില്ലെന്നും ഹർജിക്കാർ വാദിച്ചു.

വസ്തുവിൽ ‘വെറും പാട്ടം’ അവകാശപ്പെട്ട സാഹചര്യത്തിലാണ് അത് ആവശ്യപ്പെട്ടതെന്ന് ഗവണ്മെന്റ് പ്ലീഡർ വാദിച്ചു. മറ്റ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഹർജിക്കാർക്കു രജിസ്‌ട്രേഷൻ അനുവദിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

Eng­lish Sum­ma­ry: pre­vi­ous title deed not must for prop­er­ty trans­fer ver­dict; high court
You may also like this video

 

Exit mobile version