Site iconSite icon Janayugom Online

വിലക്കയറ്റം; പാചകവാതകം വാങ്ങാനാകാതെ 3.60 കോടി കുടുംബങ്ങള്‍

പാചകവാതക വില ദിനേന കുതിച്ചുയര്‍ന്നിരുന്ന 2021–22 സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പഘട്ടത്തില്‍ മൂന്ന് പ്രധാന കമ്പനികളുടെ 3.60 കോടി പാചകവാതക കണക്ഷനുകളില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പോലും നിറച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ.

ഏകദേശം 1.20 കോടി ഉപഭോക്താക്കള്‍ ഒരു സിലിണ്ടര്‍ മാത്രമാണ് ഉപയോഗിച്ചതെന്നും വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡിന്റെ അപേക്ഷയില്‍ പാചകവാതക വിതരണ കമ്പനികള്‍ പറയുന്നു.

താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാന്‍മന്ത്രി ഉജ്വല യോജന(പിഎംയുവൈ) പദ്ധതിയില്‍ അംഗങ്ങളല്ലാത്ത ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) 2.80 കോടി ഉപഭോക്താക്കള്‍ ഈ കാലയളവില്‍ ഗ്യാസ് സിലിണ്ടര്‍ നിറച്ചിട്ടില്ല. പിഎംയുവൈ ഗുണഭോക്താക്കളല്ലാത്ത 62.10 ലക്ഷം പേര്‍ ഒരു സിലിണ്ടര്‍ മാത്രമാണ് ഇക്കാലയളവില്‍ ഉപയോഗിച്ചതെന്നും രേഖയില്‍ വ്യക്തമാക്കുന്നു.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ പിഎംയുവൈ അംഗങ്ങളല്ലാത്ത 49.44 ലക്ഷം ഇന്ത്യക്കാര്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളില്‍ ഒന്നുപോലും ഇക്കാലയളവില്‍ ഉപയോഗിച്ചിട്ടില്ല.

ഏകദേശം 33.58 ലക്ഷം പേര്‍ ഒരു സിലിണ്ടര്‍ മാത്രമാണ് ഉപയോഗിച്ചത്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പിഎംയുവൈ അല്ലാത്ത 30.10 ലക്ഷം പേര്‍ വിലപ്പെരുപ്പ ഘട്ടത്തില്‍ പാചകവാതക സിലിണ്ടര്‍ നിറച്ചില്ല. 24.62 ലക്ഷം പേര്‍ ഒരു സിലിണ്ടര്‍ മാത്രം ഉപയോഗിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പിഎംയുവൈ ഉപഭോക്താക്കളില്‍ 90 ലക്ഷം പേര്‍ പാചകവാതക സിലിണ്ടറുകളില്‍ ഒന്നുപോലും നിറച്ചിട്ടില്ലെന്നും ഒരു കോടിയിലധികം പേര്‍ ഒരു സിലിണ്ടര്‍ മാത്രമാണ് നിറച്ചതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

Eng­lish summary;price rise; 3.60 crore fam­i­lies are unable to buy cook­ing gas

You may also like this video;

Exit mobile version