നിത്യജീവിത ദുരിതം കടുത്തതാക്കിക്കൊണ്ട് മരുന്ന് വില മുതല്‍ വാഹന ഇന്‍ഷുറന്‍സ് വരെയുള്ള വിവിധ മേഖലകളില്‍ മാറ്റങ്ങള്‍. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യദിനമായ ഇന്നുമുതല്‍ എണ്ണൂറിലധികം മരുന്നുകൾക്ക് വില കൂടും. വേദന സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ, തുടങ്ങിയ വിഭാഗത്തിലുള്ള മരുന്നുകളുടെ വിലയില്‍ പത്തുശതമാനത്തിലധികം വര്‍ധനവുണ്ടാകും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്മേലുള്ള നികുതിയും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. സ്വകാര്യ ജീവനക്കാരുടെ രണ്ടര ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയില്ല. എന്നാൽ കൂടുതലായി നിക്ഷേപിക്കുന്ന തുക ദ്വിതീയ അക്കൗണ്ടിലേക്ക് മാറ്റി ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കും.
2022 ലെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ക്രിപ്റ്റോ കറൻസികൾ, എൻഎഫ്‌ടി തുടങ്ങിയവയ്ക്ക് നികുതി ഈടാക്കും. പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതി, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വന്നു. ഈ പദ്ധതികളിലെ പലിശ തുക ഇനിമുതല്‍ പണമായി ലഭിക്കില്ല. സേവിങ്സ് അക്കൗണ്ടുകള്‍ വഴിയായിരിക്കും ലഭിക്കുക. സേവിങ്സ് അക്കൗണ്ടുകള്‍ പോസ്റ്റ് ഓഫീസ് പദ്ധതികളുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പലിശ നൽകില്ലെന്ന് തപാൽ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നികുതി റിട്ടേൺ ഫയൽ ചെയ്തതിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ പുതുക്കിയ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുവാൻ മൂല്യനിർണയ വർഷാവസാനം മുതൽ രണ്ടുവർഷം വരെ സമയം അനുവദിക്കും. കോവിഡ് ചികിത്സ ചെലവുകൾക്കും നഷ്ടപരിഹാരത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് എൻആർഐ അക്കൗണ്ടുകൾക്ക് ഈടാക്കുന്ന ഫീസ് വർധനയും ഇന്ന് മുതല്‍ നിലവില്‍വരും. ആദ്യമായി വീട് വാങ്ങുന്നവർക്ക് സെക്ഷൻ 80 ഇഇഎ പ്രകാരമുള്ള നികുതി ഇളവിന്റെ ആനുകൂല്യം കേന്ദ്ര സർക്കാർ നിർത്തലാക്കും.
മോട്ടോര്‍ വാഹന ഭേദഗതി നിയമം 2019 ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് വർധിപ്പിക്കും. 15 വർഷം പഴക്കമുള്ള കാർ വീണ്ടും രജിസ്റ്റർ ചെയ്യുന്നതിന് 5000 രൂപയാകും. മോട്ടോർ സൈക്കിളുകളുടെ പുതുക്കൽ നിരക്ക് 1000 രൂപയാണ്. പുതുക്കലിന് അപേക്ഷിക്കാൻ കാലതാമസം നേരിട്ടാൽ അധിക ഫീസും ചുമത്തും.
Enlish Summary:Prices and taxes will go up from today
You may also like this video