ഗോതമ്പ് കയറ്റുമതി നിരോധനത്തിനു പിറകെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂണ്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. അസംസ്‌കൃതവും ശുദ്ധീകരിച്ചതുമായ പഞ്ചസാര ഉള്‍പ്പെടെയുള്ളവയ്ക്ക് കയറ്റുമതി നിയന്ത്രണമുണ്ട്.
2022 ജൂണ്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയോ പുതിയ ഉത്തരവ് നിലവില്‍ വരുന്നതുവരെയോ ഭക്ഷ്യ‑പൊതുവിതരണ മന്ത്രാലയത്തിലെ പഞ്ചസാര ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങിയോ മാത്രമെ പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കുകയുള്ളുവെന്ന് വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറല്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
പഞ്ചസാരയുടെ ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. 2022 സെപ്റ്റംബര്‍ വരെ 10 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ അനുവദിക്കും. ഏറ്റവും വലിയ പഞ്ചസാര ഉല്പാദകരാണ് ഇന്ത്യ. ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി നടത്തുന്നതും ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ഈ സീസണിലാണ് നടന്നത്. ഇതിനു പിന്നാലെയാണ് കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണവില നിയന്ത്രിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. വര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത സോയാബീന്‍ എണ്ണയും അസംസ്‌കൃത സൂര്യകാന്തി എണ്ണയും രണ്ടു സാമ്പത്തിക വര്‍ഷത്തേക്ക് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാണ് തീരുമാനം.
സോയാബീന്‍, സൂര്യകാന്തി എണ്ണകളുടെ തീരുവ രഹിത ഇറക്കുമതി ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് അറിയിച്ചു.
English Summary: Prices are going up: the backyard will also be bitter
You may like this video also