Site iconSite icon Janayugom Online

ബിജെപിയില്‍ ചേര്‍ന്നഭദ്രാസനം സെക്രട്ടറിക്കെതിരെ വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം

BJPBJP

ബിജെപിയില്‍ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യനെതിരെ ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ പരസ്യ പ്രതിഷേധം.റാന്നിയിലെ ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനത്തിന് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ നടത്താനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റിവെച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത മുങ്ങിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ഭദ്രാസനത്തിന്റെ ചുമതലയിലിരുന്ന് ഫാദർ ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.ഫാദർ ഷൈജു കുര്യനെതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉണ്ടെന്നും മാതൃകപരമായി ജീവിക്കേണ്ട വ്യക്തി അതിൽ നിന്ന് വ്യതിചലിക്കുമ്പോൾ വിശ്വാസികൾ പ്രതിഷേധിക്കുമെന്ന് സഭ അംഗമായ ഷിബു തോണിക്കടവിൽ പറഞ്ഞു.

ഫാദർ ഷൈജു കുര്യനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനാണ് ബിജെപിയിൽ ചേർന്നതെന്നാണ് ആരോപണം.ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസനം ചുമതലയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സഭാധിപന് പരാതി നൽകി. നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ മാധ്യമങ്ങളോട് പറഞ്ഞു.ഡിസംബർ 30ന് എൻഡിഎ ജില്ലാ ഘടകം പത്തനംതിട്ടയിൽ സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹ സംഗമത്തിൽ വെച്ചാണ് ഫാദർ ഷൈജു കുര്യന്റെ നേതൃത്വത്തിൽ അമ്പതോളം ആളുകൾ കേന്ദ്രമന്ത്രി വിമുരളീധരനിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്.

Eng­lish Summary:
Priests and believ­ers protest against Bhadrasanam sec­re­tary who joined BJP

You may also like this video:

Exit mobile version