Site iconSite icon Janayugom Online

പ്രധാനമന്ത്രി മോഡി തായ‍്‍ലന്‍ഡില്‍

ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തായ‍്‍ലന്‍ഡിലെത്തി. ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ സൂര്യ ജുങ്‌രുങ്‌രിയാങ്‌കിറ്റ് മോഡിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോ‍ഡി തായ‍്‍ലന്‍ഡിലെത്തിയത്. തായ്‌ലൻഡ് സന്ദർശനം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം ശ്രീലങ്കയിലേക്ക് പോകും. 

പ്രധാനമന്ത്രി പെയ്‌ടോങ്‌ടാർൺ ഷിനവത്രയുമായി മോഡി കൂടിക്കാഴ്ച നടത്തി. ഷിനവത്രയുമായി നടന്ന ചര്‍ച്ച ക്രിയാത്മകവും ഫലപ്രദവുമായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ സ്വതന്ത്രവും നിയമാധിഷ്ഠിതവുമായ ക്രമത്തെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നുവെന്നും വികസന നയത്തിലാണ് വിശ്വസിക്കുന്നതെന്നും മോഡി വ്യക്തമാക്കി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തായ്‌ലൻഡും തമ്മിലുള്ള ടൂറിസം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണത്തിന് ഊന്നല്‍ നല്‍കും.
വ്യാപാരം, നിക്ഷേപം, ബിസിനസുകൾ തമ്മിലുള്ള വിനിമയം എന്നിവ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു. എംഎസ്എംഇ, കൈത്തറി, കരകൗശല മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പുവച്ചു. സുരക്ഷാ ഏജൻസികൾക്കിടയിൽ തന്ത്രപരമായ സംഭാഷണം സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ആസിയാൻ ഐക്യത്തെയും കേന്ദ്രീകരണത്തെയും പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മോഡി വ്യക്തമാക്കി. 

Exit mobile version