Site iconSite icon Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പത്ത് വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശയാത്രകള്‍ക്ക് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാസ് ആന്റ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍ , നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.മോഡി പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനം കൂടിയാണിത്.

പ്രതിരോധം, അപൂര്‍വ മൂലകങ്ങള്‍, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളില്‍ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ലിഥിയം ഉള്‍പ്പെടെയുള്ള അപൂര്‍വ മൂലകങ്ങള്‍ ഏറെയുള്ള അര്‍ജന്റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നുണ്ട്. കൃഷി, ഊര്‍ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ അര്‍ജന്റീനയുമായി കൂടുതല്‍ സഹകരണവും ലഭ്യമിടുന്നുണ്ട്.

ജൂലൈ ഒമ്പതുവരെ മോഡിയുടെ പര്യടനം നീളും. ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി മോഡി പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി ചര്‍ച്ച നടത്തും. പ്രസിഡന്റ് ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. ഘാനയിലെ ഇന്ത്യന്‍ സമൂഹവുമായും നാളെ മോദി കൂടിക്കാഴ്ച നടത്തും. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും. ബ്രസീലില്‍ ബ്രിക്‌സ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

Exit mobile version