Site icon Janayugom Online

കൈക്കൂലി ആരോപണത്തിനു പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്; സത്യവാങ്മൂലം തയ്യാറാക്കിയത് ബിജെപി ഐടി സെല്‍ എന്നും മഹുവ

mahua

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടന്ന പരാതിക്ക് പുറകില്‍ പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മെയ്ത്ര.

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കുനേരെ തോക്കു ചൂണ്ടി അദ്ദേഹത്തെ കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചതാകാമെന്ന് അവര്‍ ആരോപിച്ചു. അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കുറിപ്പും മഹുവ മൊയ്ത്ര തന്റെ എക്‌സ് പ്രൊഫൈലില്‍ പങ്കിട്ടിട്ടുണ്ട്. മഹുവയ്ക്കെതിരെ ബിജെപി ആസൂത്രിത നീക്കം നടത്തുവെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകളില്‍ നിത്യസാന്നിധ്യമായ ഹീരനന്ദാനിയും ബിജെപി നേതാക്കളുമായുള്ള അടുപ്പം മറയാക്കി പ്രതിപക്ഷ അംഗങ്ങളെ കരിവാരിത്തേയ്ക്കാനുള്ള ഹീനശ്രമമാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ഹിരാനന്ദാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരെ ചുമത്തിയ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിച്ച് ഒരു ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. പിന്നീട് 19 നാണ് ആരോപണം അംഗീകരിക്കുന്ന സത്യവാങ്മൂലം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്. ഹിരാനന്ദാനിയെ സിബിഐയോ എത്തിക്‌സ് കമ്മിറ്റിയോ അല്ലെങ്കില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സിയോ ഇതുവരെ വിളിപ്പിച്ചിട്ടില്ല. പിന്നെ ആര്‍ക്കാണ് അദ്ദേഹം സത്യവാങ്മൂലം നല്‍കിയത്? സത്യവാങ്മൂലം വെള്ളക്കടലാസിലാണ്, ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ പോലുമല്ല. നോട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും ആദരണീയനോ വിദ്യാസമ്പന്നനോ ആയ ഒരു വ്യവസായി തന്റെ തലയില്‍ തോക്ക് വെച്ചില്ലെങ്കില്‍ വെള്ള പേപ്പറിലുള്ള ഇത്തരമൊരു കത്തില്‍ ഒപ്പിടുമോ? മോഡിയുടെ അനുഗ്രഹത്തോടെ ബിജെപി ഐടി സെല്‍ തയ്യാറാക്കിയ സത്യവാങ്മൂലം ഒരു തമാശയാണെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കും. വിഷയത്തില്‍ ഏത് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയാലും സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരൻ നിരഞ്ജൻ ഹീരാനന്ദാനിയുടെ മകനാണ് ദര്‍ശൻ. ബിസിനസ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദര്‍ശനെ കൊണ്ടു കത്ത് തയാറാക്കിച്ചതാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. യുപിയില്‍ മാത്രം 30,000 കോടിയിലധികം നിക്ഷേപമുണ്ട് അവര്‍ക്ക്. അവ അവസാനിക്കുമെന്നും സിബിഐ റെയ്ഡ് ചെയ്യുമെന്നും എല്ലാ സര്‍ക്കാര്‍ ബിസിനസുകളും നിര്‍ത്തുമെന്നും എല്ലാ പൊതുമേഖലാ ബാങ്കുകളുടെ ധനസഹായവും ഉടൻ നിര്‍ത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും മഹുവ ആരോപിക്കുന്നു.

വിഷയത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് ബിജെപി എംപി നിഷികാന്ത് ദുബെ നല്‍കിയ പരാതിയില്‍ 26 ന് മൊഴിയെടുക്കും. അതിനിടെ ദുബെക്കെതിരായി മഹുവ നല്‍കിയ മാനനഷ്ടക്കേസില്‍ മൊയ്‌ത്രയ്‌ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ ഗോപാല്‍ ശങ്കര്‍നാരായണന്‍ കേസില്‍ താല്പര്യക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി പിന്മാറുകയും ചെയ്തു.

Eng­lish Sum­ma­ry: Prime Min­is­ter’s Office behind bribery alle­ga­tions; The affi­davit was pre­pared by BJP’s IT cell

You may also like this video

Exit mobile version