Site iconSite icon Janayugom Online

പ്രധാനമന്ത്രിയുടെ മൗനം; നാണംകെട്ട നിസംഗത

പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിലെ അക്രമ സംഭവങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നതെന്ന് ‘ഇന്ത്യ’ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘം. മണിപ്പൂരില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും സാധാരണ നില കൈവരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും അടിയന്തരമായി ഇടപെടുന്നതിന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ പ്രാപ്തരാക്കുന്നതിന് മുന്‍കയ്യെടുക്കണമെന്നും സംഘം മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയികെയോട് അഭ്യര്‍ത്ഥിച്ചു. ദ്വിദിന സന്ദര്‍ശനത്തിനെത്തിയ സംഘം ഗവര്‍ണറെ സന്ദര്‍ശിച്ച് നല്‍കിയ കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. നീതി അടിസ്ഥാനമാക്കിയുള്ള സമാധാന‑ഐക്യ ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. 89 ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ദുരിത ബാധിതരായവരുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിക്കണം. 140ലധികം പേരുടെ മരണം, 500ലധികം പേര്‍ക്ക് പരിക്കേറ്റത്, 5000ത്തോളം വീടുകള്‍ക്ക് തീയിട്ടത്, 60,000ത്തിലധികം പേര്‍ക്ക് കുടിയൊഴിയേണ്ടിവന്നത്, എന്നിവയെല്ലാം ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ പരാജയമാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടുകള്‍ക്കുനേരെ നടക്കുന്ന തീവയ്പിന്റെയും വെടിവയ്പിന്റെയും തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൂന്നുമാസത്തോളമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സംസ്ഥാന സംവിധാനം പൂര്‍ണ പരാജയമാണെന്ന് ഇതിലൂടെ സ്ഥാപിക്കപ്പെടുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിയാകട്ടെ അതിദയനീയവുമാണ്. കുട്ടികളുടെ കാര്യത്തിലെങ്കിലും പ്രത്യേക പരിഗണന ആവശ്യമാണ്. വിവിധ തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അനിശ്ചിതമായ ഭാവി സംബന്ധിച്ചും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. മൂന്ന് മാസമായി തുടരുന്ന ഇന്റർനെറ്റ് നിരോധനം അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെ സഹായിക്കുകയും നിലവിലുള്ള അവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലാ സമുദായങ്ങള്‍ക്കിടയിലും ദേഷ്യവും അന്യതാ ബോധവുമുള്ളതായി മനസിലാക്കാമെന്നും കാലതാമസം കൂടാതെ ഈ പ്രശ്നം അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐ നേതാവ് പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, സിപിഐ(എം) നേതാവ് എ എ റഹിം, കെ കനിമൊഴി (ഡിഎംകെ), ഗൗരവ് ഗോഗോയ് (എന്‍സിപി) തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഇംഫാല്‍, മൊയ്‌രാങ്, ചുരാചന്ദ് പൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

eng­lish sum­ma­ry; Prime Min­is­ter’s Silence; Shame­less reticence
you may also like this video;

Exit mobile version