Site iconSite icon Janayugom Online

ജയിൽ, ജാമ്യം, ജനാധിപത്യം

umar khalidumar khalid

സെപ്റ്റംബർ അഞ്ചിനായിരുന്നു മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വ ദിനം. 2017ലാണ് അവരുടെ കൊലപാതകം നടന്നത്. അതിന്റെ വാർഷികത്തലേന്ന് അതായത് കഴിഞ്ഞ സെപ്റ്റംബർ നാലിന് കൊലക്കേസിലെ നാലു പ്രതികൾക്ക് — ഭരത് കുരാനെ, സുജിത് കുമാർ, സുധൻവ ഗൊണ്ടേൽക്കർ, ശ്രീനാഥ് ജഗനാഥ് — കർണാടക ഹൈക്കോടതി ജാമ്യമനുവദിച്ചു. ഇതോടെ കേസിൽ എട്ടുപേർ ജയിലിന് പുറത്തായി.
ഗൗരി ലങ്കേഷിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും ഗൂഢാലോചനയുണ്ടായെന്നും തീവ്ര വലതുപക്ഷത്തിന്റെ പങ്ക് വ്യക്തമാണെന്നും തെളിഞ്ഞതായി അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തതാണ്. എന്നിട്ടും ഗൗരി ലങ്കേഷിനെ കൊന്നുതള്ളിയ കേസിലെ എട്ട് പ്രതികൾ ജയിലിൽ നിന്ന് പുറത്തിറങ്ങി. അതേസമയം മറ്റു പല കേസുകളിലും ഇപ്പോഴും ജാമ്യം ലഭിക്കാതെ പലരും തടവിൽ തുടരുകയാണ്. വിചാരണയില്ലാതെ കുറ്റാരോപിതരെ ദീർഘകാലം ജയിലിൽ അടയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നുൾപ്പെടെ നിരവധി തവണ വിധികളും പരാ‍മർശങ്ങളുമുണ്ടായതാണ്.
പ്രധാനപ്പെട്ടത് ഭീമാ കൊറേഗാവ് കേസ് തന്നെയാണ്. 2018 ജനുവരി ഒന്നിന് മുംബൈയിൽ നടന്ന ആഘോഷത്തെ തീവ്ര വലതുപക്ഷം ഇടപെട്ട് സംഘർഷമാക്കി മാറ്റിയതാണ് യഥാർത്ഥത്തിൽ ഭീമ കൊറേഗാവ് കേസ്. മഹാരാഷ്ട്ര ഭരിച്ചിരുന്ന ബിജെപി സർക്കാർ അതിനെ അഭിപ്രായ സ്വാതന്ത്ര്യം തടയിടുന്നതിനും എതിരാളികളെ തടവിലിടുന്നതിനുമുള്ള അവസരമാക്കി. കേസും നടപടിക്രമങ്ങളും കൂടുതൽ കടുപ്പിക്കുന്നതിന് വേണ്ടി അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് നൽകി. എല്ലാവരെയും കാടൻ നിയമമായ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ പരമോന്നത കോടതി പോലും ജാമ്യം നൽകാൻ മടിക്കുകയാണ്.


കോടതിവിധിയില്‍ ഒടുങ്ങാത്ത രക്തക്കടങ്ങള്‍


മുംബൈയുടെ പരിസരത്തുപോലുമെത്താതിരുന്ന സാമൂഹ്യ പ്രവർത്തകരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. 2018ന്റെ ആദ്യ ആറുമാസങ്ങൾക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട 18ൽ ഗൗതം നവ്‌ലാഖ, ഷോമ സെൻ, സുധാ ഭരദ്വാജ്, ആനന്ദ് തെൽതുംബ്ഡെ, അരുൺ ഫെരേര, വെർനോൻ ഗോൺസാൽവസ്, വരവര റാവു എന്നീ ഏഴ് പേർക്ക് മാത്രമാണ് ഇതുവരെയായി ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് മുതൽ ആറ് വർഷം വരെ ജയിലിൽ കിടന്ന ശേഷമായിരുന്നു ഇവർ പുറത്തിറങ്ങിയത്. സ്റ്റാൻ സ്വാമി എന്ന വയോധികൻ ചികിത്സ കിട്ടാതെ ജയിലിൽ രക്തസാക്ഷിയാകുകയും ചെയ്തു.
റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, സുധീർ ധാവ്‌ലെ, ഹാനി ബാബു, കമേശ് ഗൈച്ചർ, സാഗർ ഗോഖലെ, ജ്യോതി ജഗ്തപ് എന്നിവർ തലോജ, ബൈക്കുള ജയിലുകളിലായി ആറ് വർഷത്തിലധികമായി തടവിൽ തുടരുകയാണ്. ഇവരിൽ പലരെയും പ്രതി ചേർക്കുന്നതിന് ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെന്ന വെളിപ്പെടുത്തലുകൾ സൈബർ പരിശോധനാ റിപ്പോർട്ടുകളായി പുറത്തുവന്നതാണ്. കമ്പ്യൂട്ടറുകളിൽ കൃത്രിമം നടത്തിയാണ് തെളിവുകൾ ഉണ്ടാക്കിയതെന്ന് വിദേശ ഏജൻസികൾ നടത്തിയ പരിശോധനാ ഫലങ്ങളും പുറത്തായി. എന്നിട്ടും കർശനമായ വ്യവസ്ഥകളോടെയായിരുന്നു പലർക്കും ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്ന വേളയിൽ നിശിതമായ വിമർശനങ്ങൾ കോടതികളിൽ നിന്നുണ്ടായെങ്കിലും അവശേഷിക്കുന്നവരുടെ ജാമ്യകാര്യത്തിൽ തീരുമാനമായിട്ടില്ല.
വെർനോൺ ഗോൺസാൽവസിനും അരുൺ ഫെരേരയ്ക്കും ജാമ്യം അനുവദിക്കുന്ന വേളയിൽ, ഇരുവർക്കുമെതിരെയുള്ള കുറ്റാരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും എല്ലാക്കാലവും ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഇതേ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമുണ്ടായത്. ജാമ്യം ലഭിച്ചിട്ടും 5,000 വിചാരണത്തടവുകാർ ഇപ്പോഴും ജയിലാണെന്ന് നാഷണൽ ലീഗൽ സർവീസസ് അതോറിട്ടിയുടെ റിപ്പോർട്ടായിരുന്നു അത്.


ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക, അല്ലെങ്കില്‍ ഇരയാവുക


നൂറുകണക്കിന് പേരാണ് ഡൽഹി കലാപക്കേസിൽ ഇപ്പോഴും ജയിലിൽ തുടരുന്നത്. അതിൽ പ്രധാനപ്പെട്ട പേരാണ് ഉമർ ഖാലിദിന്റേത്. 2020 സെപ്റ്റംബർ 13നാണ് ഉമർ ജയിലിലായത്. 2016ൽ ജവഹർലാൽ നെഹ്രു സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെയും പിന്നീട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെയും വേളയിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനക്കുറ്റം ചുമത്തിയതിനെ തുടർന്നാണ് നീണ്ടകാല ജയിൽവാസം വേണ്ടിവന്നത്. അതാണ് ഇപ്പോഴും തുടരുന്നത്.
സമാനമായ എത്രയോ കേസുകളിൽ നിരവധി പേരാണ് അന്വേഷണ ഏജൻസികളുടെ ഗുരുതരമായ വീഴ്ചയും വേട്ടയാടൽ സമീപനവും കാരണം ജയിലിൽ കഴിയുന്നത്. കഴിഞ്ഞ വർഷം പുറത്തുവന്ന അത്തരത്തിലൊരു കേസാണ് 12 വർഷത്തിലേറെ തടവിൽ കഴിഞ്ഞ 32 കാരന് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. പശ്ചിമ ബംഗാളിലെ സീൽദായി സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതി രാകേഷ് മിശ്രയാണ് 12 വർഷം ജയിലിൽ തുടർന്നത്. ദേശീയ കുറ്റകൃത്യ ബ്യൂറോ (എൻസിആർബി) ജയിൽ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചും ജയിൽ അവസ്ഥകളെക്കുറിച്ചും എല്ലാ വർഷവും ഒരു വാർഷിക റിപ്പോർട്ട് പുറത്തിറക്കുന്നുണ്ട്. അതുപ്രകാരം 13.35 ശതമാനം (44,135) പേർ വിചാരണത്തടവുകാരായി ഒന്ന് ‑രണ്ട് വർഷത്തേക്ക് തടവിലാക്കപ്പെട്ടു. 6.79 ശതമാനം (22,451) രണ്ട് — മൂന്ന് വർഷവും 4.25 ശതമാനം (14,049) മൂന്ന് — അഞ്ച് വർഷവും തടവിൽ കഴിഞ്ഞു. കുറഞ്ഞ കുറ്റങ്ങളിൽ ലഭിക്കാനിടയുള്ള പരമാവധി തടവ് ശിക്ഷയുടെ അത്രയും കാലം ജയിലിൽ കഴിഞ്ഞ അനുഭവമുണ്ടായവരും ഉണ്ട്.
ഡൽഹി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു ഹർജിയിൽ 1,382 പേർ ചെറിയ കുറ്റത്തിന്റെ പകുതി ശിക്ഷാ കാലയളവ് ജയിലിൽ കഴിഞ്ഞുവെന്ന് വ്യക്തമാക്കുകയുണ്ടായി. അതുകൊണ്ട് പകുതി കാലയളവ് ജയിലിൽ കഴിഞ്ഞിട്ടുള്ള തടവുകാരുടെ ജാമ്യം വേഗത്തിലാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യമുയർന്നുവെങ്കിലും അതിന് വലിയ വില കല്പിക്കപ്പെട്ടിട്ടില്ല.


എഴുത്ത് തുടര്‍ന്നുകൊണ്ടേയിരിക്കും


ഇത് ജനാധിപത്യത്തിന്റെയും അപചയമാണ്. ഈ കുറിപ്പിൽ പരാമർശിക്കപ്പെട്ട പല പേരുകളും കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടവരാണെന്നതുതന്നെ കാരണം. നഗര നക്സലുകൾ തുടങ്ങിയ പുതിയ സംജ്ഞകൾ രൂപപ്പെടുത്തിയാണ് ജനാധിപത്യത്തിന്റെ കാതലായ അഭിപ്രായ സ്വാതന്ത്ര്യത്തെ തടവിലിടുന്നത്.
സർക്കാരിന്റെ താല്പര്യങ്ങൾക്കനുസരിച്ച് നിലപാടെടുക്കുന്ന പ്രോസിക്യൂഷന്റെ നിലപാട് അനുകൂലമാകുകയും ഗുരുതര കുറ്റകൃത്യം ആരോപിക്കപ്പെട്ടവർ പോലും ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്യുമ്പോൾ തന്നെയാണ് സമാന കുറ്റാരോപിതരായവർ ജയിലിൽ തുടരുന്നത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ കുറ്റവിമുക്തരാക്കപ്പെട്ടതും നാം കണ്ടതാണ്. ബിൽക്കീസ് ബാനു കേസിൽ ഗുജറാത്തിലെ ബിജെപി സർക്കാർ ഈ സമീപനം സ്വീകരിച്ചതും അതിനെതിരെ സുപ്രീം കോടതി നിലപാടെടുത്തതിനാൽ പ്രതികൾ വീണ്ടും ജയിലിലായതും സമീപനാളുകളിലായിരുന്നു. ഏറ്റവും ഒടുവിൽ ഡൽഹി മദ്യനയക്കേസിൽ കുറ്റാരോപിതരായ വ്യക്തികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ സുപ്രീം കോടതി വ്യക്തമാക്കിയത് ജയിലല്ല, ജാമ്യമാണ് ചട്ടമെന്നായിരുന്നു. എന്നിട്ടും വിചാരണ പോലുമില്ലാതെ ആയിരങ്ങൾ ജയിലിൽ തുടരുന്നുവെന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

Exit mobile version