29 May 2024, Wednesday

ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക, അല്ലെങ്കില്‍ ഇരയാവുക

ബിനോയ് വിശ്വം
March 31, 2024 4:45 am

ഒരു മുഖ്യമന്ത്രി ജയിലിൽ, മറ്റൊരു മുഖ്യമന്ത്രി അറസ്റ്റിൽ, ഒട്ടേറെ പ്രതിപക്ഷ നേതാക്കൾ അറസ്റ്റിന്റെ നിഴലിൽ, പ്രതിപക്ഷ നേതാക്കളെ പാർലമെന്റിൽ നിന്ന് പുറത്താക്കുന്നു, പ്രതിപക്ഷത്തെ ഒന്നടങ്കം സസ്പെന്റ് ചെയ്ത് ഇഷ്ടമുള്ള ബില്ലുകൾ പാസാക്കിയെടുക്കുന്നു, മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നു, സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വ്യവസായികളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഗുണ്ടാപ്പിരിവ് നടത്തുന്നു, മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നു, ഭൂരിപക്ഷം മാധ്യമങ്ങളെയും വിലയ്ക്കെടുത്തും ഭീഷണിപ്പെടുത്തിയും ചൊല്പടിക്ക് നിർത്തുന്നു, സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരെയും ബുദ്ധിജീവികളെയും തുറുങ്കിലടയ്ക്കുന്നു, ഗവർണർമാരെ ചട്ടുകമാക്കി എതിർ രാഷ്ട്രീയപ്പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തിൽ നിരന്തരം ഇടങ്കോലിടുന്നു, അവർക്ക് കിട്ടേണ്ടതായ ഫണ്ട് വിഹിതം കൊടുക്കാതെ ദൈനംദിന പ്ര­വർത്തനങ്ങളെപ്പോലും സ്തം­ഭിപ്പിക്കുന്നു, തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാറ്റുന്നു… വിശ്വഗുരു എന്നും ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവ് എന്നുമൊക്കെ അവകാശപ്പെടുന്നയാളുടെ പ്രവൃത്തികളാണ്, ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ചെന്നെത്തി നിൽക്കുന്നത്. ആജീവനാന്തം അധികാര സിംഹാസനത്തിൽ വാണരുളാൻ ഇനിയും എന്തൊക്കെ ചെയ്തുകൂട്ടും നരേന്ദ്ര മോഡി? ഫെഡറൽ ഘടനയെ തകർത്തുകൊണ്ട് ‘ഒരു രാജ്യം, അവിടെ ഒരു വ്യക്തിയുടെ ഏകാധിപത്യം’ എന്ന പരമമായ ലക്ഷ്യം ആർഎസ്എസിന്റെ എക്കാലത്തെയും അജണ്ടയാണ്. പക്ഷേ അധികാരത്തെ ഇങ്ങനെ നഗ്നമായി ദുർവിനിയോഗം ചെയ്യുന്നത് നരേന്ദ്ര മോഡിയും സംഘവും അധികാരമേറ്റെടുത്തതിന് ശേഷമാണ്.
കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടും നിയമങ്ങളെ വളച്ചൊടിച്ചും എതിർസ്വരങ്ങളെ ഇല്ലാതാക്കുന്നത് മോഡി സർക്കാരിന് ഒരു ഹരമാണ്. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത 121 കേസുകളിൽ 115 എണ്ണത്തിലും (95 ശതമാനം) പ്രതികളായത് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളാണ്. 2022ന് ശേഷവും നിരവധി പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരേൻ എന്നിവരെ അറസ്റ്റു ചെയ്ത് തടങ്കലിൽ പാർപ്പിക്കാൻ തുടങ്ങിയിട്ട് എത്രയോ നാളുകളായി. ഏറ്റവും ഒടുവിലായി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അതിനു തൊട്ടുമുൻപ് ബിആർഎസ് നേതാവ് കെ കവിത അറസ്റ്റ് ചെയ്യപ്പെട്ടു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ഒരേയൊരു മാപ്പുസാക്ഷിയുടെ മൊഴിയുടെ ബലത്തിലാണ്. ആ മാപ്പുസാക്ഷിയാകട്ടെ, 55 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി ബി ജെ പിക്ക് നൽകിയത്.
പ്രതിപക്ഷത്തിന്റെ കാര്യം പോകട്ടെ, സർക്കാർ നയങ്ങളെ വിമർശിച്ച എത്രയോ സാധാരണ പൗരന്മാർ വേട്ടയാടപ്പെടുന്നു! ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെളിവ് നൽകി എന്ന ഒറ്റക്കാരണം കൊണ്ട്, മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ വർഷങ്ങൾ പഴക്കമുള്ള ചില കേസുകൾ കുത്തിപ്പൊക്കിയെടുത്ത് പ്രതിയാക്കി ജയിലിൽ അടച്ചിരിക്കുകയാണ്. ഇപ്പോഴിതാ 22 വർഷം മുൻപ് മയക്കുമരുന്ന് വച്ച് ഒരു അഭിഭാഷകനെ കുടുക്കിയെന്ന കേസ് ചുമത്തി സഞ്ജീവ് ഭട്ടിന് ഇരുപതു വർഷം തടവിന് ഗുജറാത്തിലെ ഒരു ജില്ലാ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു.
തന്നെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയാരെയും മോഡി പ്രതികാര നടപടിയിൽ നിന്ന് ഒഴിവാക്കുന്നില്ല. അവർക്കായി കരുതിവച്ചിട്ടുള്ളത് തീവ്രവാദ കേസുകളും രാജ്യദ്രോഹക്കുറ്റങ്ങളുമാണ്. ന്യൂസ്‌ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിനും സ്ഥാപകൻ പ്രബിർ പുരകായസ്തയ്ക്കും എതിരെ കൈക്കൊണ്ട നടപടികൾ മോഡിയുടെ കീഴിൽ മാധ്യമങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. ഹത്രാസിൽ ദളിത് സ്ത്രീയെ സവർണഹിന്ദുക്കൾ കൂട്ടബലാത്സംഗം നടത്തിയത് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലിലിട്ടത് മറ്റൊരു കറുത്ത പാടായി അവശേഷിക്കുന്നു.
മതേതരത്വ‑ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളിൽ ഉറച്ചുനിന്ന എത്രയോ പേരെയാണ് നഗരനക്സലുകളെന്ന് (അർബൻ നക്സൽ) മുദ്രകുത്തി ജയിലിലടച്ചത്. ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടത് ഹിന്ദുത്വ ശക്തികളുടെ കൈകൊണ്ടാണ്. ഫാ. സ്റ്റാൻ സ്വാമി 270 ദിവസം യുഎപിഎ കേസിൽ ജയിലിൽ നരകയാതന അനുഭവിച്ച് ഒടുവിൽ രക്തസാക്ഷിയായി. 2014 മുതൽ ജയിലിൽ കിടന്നിരുന്ന ഡൽഹി സർവകലാശാലയിലെ പ്രൊഫസർ ജി എൻ സായിബാബ ഒടുവിൽ കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് സൂര്യപ്രകാശം കണ്ടത്. പിന്നെയും എത്രയോ പേർ ഇപ്പോഴും തടങ്കൽപ്പാളയത്തിൽ കിടന്നു നരകിക്കുന്നു. വിലയ്ക്കെടുക്കാൻ കഴിയാത്തവരെ ഇല്ലാതാക്കുക എന്നതാണ് ഫാസിസ്റ്റ് രീതി.
അഴിമതി ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷനേതാക്കളെ ഇഡിയും സിബിഐയും ഉൾപ്പെടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കുടുക്കിയ ശേഷം അവരെ ബിജെപിയിലേക്ക് കൊണ്ടുവരുന്നു. ബിജെപിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അന്വേഷണവുമില്ല, ആരോപണവുമില്ല. അഴിമതിക്കാരെ അലക്കി വൃത്തിയാക്കുന്ന ബിജെപി വാഷിങ് മെഷീൻ! ഈ പട്ടിക ചെറുതല്ല.
300 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ട നാരായൺ റാണെ, ശാരദാ ചിട്ടിഫണ്ട് കേസിലും നാരദാ തട്ടിപ്പു കേസിലും കുറ്റാരോപിതനായ സുവേന്തു അധികാരി എന്നിവരുടെ കേസ് ബിജെപിയിൽ ചേർന്നതോടെ മാഞ്ഞുപോയി. ശാരദാ ചിട്ടി ഫണ്ട് കേസിൽ കുറ്റാരോപിതനായ ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിൽ ചേർന്നതും കേസിൽ നിന്ന് മോചിതനായി എന്ന് മാത്രമല്ല, മുഖ്യമന്ത്രി പദവിയും കിട്ടി. ഇപ്പോൾ ആദിത്യനാഥിനെക്കാൾ വിഷം വമിക്കുന്ന സംഘപരിവാർ മുഖ്യമന്ത്രിയാണ് അയാൾ. ഹൗസിങ് പ്രോജക്ടിൽ അഴിമതി ആരോപണം നേരിട്ട ബി എസ് യെദ്യൂരപ്പ ബിജെപിയിൽ ചേർന്നപ്പോൾ നരേന്ദ്ര മോഡി അഭിനന്ദനം കൊണ്ടുമൂടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ റെയ്ഡ് നേരിട്ട പ്രതാപ് സർനായിക് എൻഡിഎ പക്ഷത്തേക്ക് ചാടിയതോടെ കേസ് ക്ലോസായി. ഏറ്റവും ഒടുവിൽ ഇങ്ങനെ ‘ശുദ്ധീകരിക്കപ്പെട്ടത്’ അജിത് പവാർ വിഭാഗം എൻസിപി നേതാവ് പ്രഫുൽ പട്ടേലാണ്.
നഗ്നമായ രീതിയിൽ അധികാര ദുർവിനിയോഗവും നിയമത്തിന്റെ ദുരുപയോഗവും നടത്തുന്ന കാര്യത്തിൽ മോഡിക്കും അമിത് ഷായ്ക്കും ഒരുളുപ്പും കൂസലുമില്ല എന്നത് ഇന്ത്യൻ രാഷ്ട്രീയം ഇന്നെത്തി നിൽക്കുന്ന അതിഭീകരമായ അവസ്ഥയെ വിളിച്ചറിയിക്കുന്നു.
പ്രതികാരവും പ്രലോഭനവും എന്ന രണ്ട് സാധ്യതകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടുള്ള മോഡി സർക്കാരിന്റെയും സംഘ്പരിവാർ എന്ന ഫാസിസ്റ്റ് സംഘടനയുടേയും രഥയാത്ര തുടരുകയാണ്. ഒന്നുകിൽ ഞങ്ങൾക്കൊപ്പം ചേരുക, അല്ലെങ്കിൽ ഞങ്ങളുടെ ഇരയാവുക എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അവർ പ്രതിപക്ഷ നേതാക്കളുടെ മുന്നിലേക്ക് വയ്ക്കുന്നത്. ഇതിനെ ചെറുത്തുനിൽക്കുന്ന വലതുപക്ഷ പാർട്ടികൾ അപൂർവം. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കൾ കൂട്ടം കൂട്ടമായി ബിജെപിയിലേക്ക് കൂടുമാറുന്ന കാഴ്ച ഇന്നൊരു വാർത്തയല്ലാതായി കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും മുൻപിൽ മാത്രമാണ് ഇത്തരം പ്രലോഭനങ്ങളും ഭീഷണികളും വിലപ്പോകാത്തത്.
കേരളത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. വിചിത്രമായ കോൺഗ്രസാണ് കേരളത്തിലേത്. പഴയ പഴഞ്ചൊല്ലിലെ അമ്മായിയമ്മമാരെപ്പോലെ മകൻ ചത്താലും വേണ്ടില്ല മരുമകളുടെ സങ്കടം കാണണം എന്ന മനോഭാവമാണ് അവർക്ക്. അതുകൊണ്ടാണ് ഇഡി ഇടതുപക്ഷത്തിന്റെ പേരിൽ കേസ് എടുക്കാത്തതിനെക്കുറിച്ച് അവർ ഉത്കണ്ഠപ്പെടുന്നത്. ഇടതുപക്ഷത്തിനെതിരെ ബിജെപിയുമായി കൈകോർക്കാൻ അവർക്കൊരു മടിയുമില്ല. കേരളത്തിലെ പഞ്ചായത്ത് തലത്തിൽ അതവർ പരസ്യമായി ചെയ്യുന്നുണ്ട് ഇപ്പോൾ. ഏറ്റവുമൊടുവിൽ കാസർകോട് പൈവളികെ പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി കോൺഗ്രസ് അംഗം വോട്ട് ചെയ്ത കാഴ്‌ചയും നമ്മൾ കണ്ടു. കേരളത്തിലെ കോൺഗ്രസിന്റെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇന്ന് ബിജെപിയിലാണ്. വർഗീയതയ്ക്ക് എതിരെയുള്ള വോട്ട് കോൺഗ്രസിന് നൽകുന്നതിനോളം വ്യർത്ഥമായ വ്യായാമം മറ്റൊന്നില്ല. അവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.
വർഗീയ ശക്തികളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമരവും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളോടുള്ള അടിയുറച്ച പ്രതിബദ്ധതയും അധികാരം നേടാൻ വേണ്ടിയുള്ള വെറും അടവുനയം അല്ല, ഇടതുപക്ഷത്തിന്. ചോരയും ജീവനും കൊടുത്ത് ഇടതുപക്ഷം ഫാസിസത്തെ ചെറുക്കും. ഇന്ത്യ എന്ന മഹത്തായ ആശയവും ഭരണഘടനയുടെ അന്തഃസത്തയും നിലനിർത്താനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഇവിടെ നമുക്ക് വേണ്ടത് ഫാസിസ്റ്റുകളെയോ ഒത്തു തീർപ്പിന്റെ രാഷ്ട്രീയക്കാരെയോ അല്ല. ജനങ്ങളുടെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഇടതുപക്ഷത്തെയാണ്. ഫാസിസത്തിനെതിരായി പാർലമെന്റിൽ ആദ്യം ഉയരേണ്ട ശബ്ദം കേരളത്തിന്റേതാണ്. കേരളത്തിന്റെ ശബ്ദം ഉച്ചത്തിൽ, ഉറക്കെ മുഴക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികള്‍ വിജയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.