Site iconSite icon Janayugom Online

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താം: പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് അനുമതി

Private busPrivate bus

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ താത്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് ഹൈക്കോടതി അനുമതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്തവിധം ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ആക്കി ഗതാഗതവകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് നേരത്തേ ബസ്സുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

പെര്‍മിറ്റുള്ള ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താനും പെര്‍മിറ്റുകള്‍ പുതുക്കിനല്‍കാനും സിംഗിള്‍ബെഞ്ച് 2022 ജനുവരിയില്‍ ഉത്തരവിറക്കി. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഡിവിഷന്‍ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു. സ്റ്റേ ഉത്തരവിനെത്തുടര്‍ന്ന് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതെപോയ സ്വകാര്യ ബസ്സുടമകളുടെ ഹര്‍ജികളും ഇതോടൊപ്പം ഡിവിഷന്‍ബെഞ്ച് പരിഗണിച്ചു. നിലവില്‍ പെര്‍മിറ്റുള്ളവര്‍ക്ക് അടുത്ത ഉത്തരവുവരെ പെര്‍മിറ്റുപ്രകാരം സര്‍വീസ് തുടരാം. പുതുക്കാനുള്ള അപേക്ഷകള്‍ സിംഗിള്‍ബെഞ്ച് ഉത്തരവുപ്രകാരം കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി മേയ് 23ന് വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Pri­vate bus­es allowed to run long dis­tance ser­vices: per­mit for renew­al of permit

You may also like this video

Exit mobile version