Site iconSite icon Janayugom Online

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്

ആത്മഹത്യ ചെയ്ത വയനാട് ഡി സി സി മുൻ ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്. സ്വര്‍ണ പണയത്തില്‍ 4,68,200 രൂപ തിരിച്ചടച്ചില്ലെങ്കില്‍ സ്വര്‍ണം ലേലത്തിന് വെക്കുമെന്നാണ് നോട്ടീസ്. നിയമനക്കോഴ കേസിൽ പരാതിക്കാരനായ ചാക്കോ നല്‍കിയ കേസിലും എന്‍ എം വിജയന്റെ മകന്റെ പേരില്‍ നോട്ടീസ് വന്നിട്ടുണ്ട്. ഈ ഘട്ടത്തിലും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ആത്മഹത്യ ചെയ്യേണ്ടി വന്നാല്‍ ഉത്തരവാദി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആണെന്ന് കുടുംബം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കടബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുമായി സംസാരിക്കാനായി ശ്രമിച്ചിട്ടും സമയം നല്‍കിയില്ലെന്നും വിജയന്റെ കുടുംബം ആരോപിച്ചു. പ്രിയങ്കയെ കാണാനായി ഇവർ കൽപറ്റയിലെത്തിയിരുന്നു.

പ്രിയങ്കയ്ക്ക് ചേമ്പ് തിന്നാന്‍ പോകാന്‍ സമയമുണ്ടായിരുന്നു. എന്നാല്‍ തങ്ങളെ കാണാന്‍ അവര്‍ക്ക് സമയമില്ലെന്ന് കുടുംബം പറഞ്ഞതായും വാര്‍ത്തകളുണ്ട്. തങ്ങളുടെ പ്രശ്‌നം ഇതുവരെ പരിഹരിച്ചില്ലെന്നും പ്രശ്‌നം പരിഹരിക്കാം എന്ന് മാത്രമാണ് പാര്‍ട്ടി നേതൃത്വം പറയുന്നതെന്നും കൃത്യമായ സമയം പറയുന്നില്ലെന്നും കുടുംബം പറഞ്ഞു.എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയും ഇതുമായി അനുബന്ധപ്പെട്ട മൂന്ന് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഒന്നും വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രണ്ടും മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ മൂന്നും പ്രതികളാണ്. മൂവരും ജാമ്യത്തിലാണ്. മരണവുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു

Exit mobile version