Site iconSite icon Janayugom Online

യുഎസിൽ സ്വകാര്യ വിമാനം തകർന്നു വീണു; യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നു

അമേരിക്കയിലെ മെയ്‌ൻ സംസ്ഥാനത്തുള്ള ബാംഗൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടുപേരുമായി സഞ്ചരിച്ച സ്വകാര്യ വിമാനം തകർന്നു വീണു. ഞായറാഴ്ച വൈകുന്നേരം വിമാനം പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. തകർന്നുവീണ ഉടൻ തന്നെ വിമാനം തീപിടിച്ചു നശിച്ചതായാണ് റിപ്പോർട്ടുകൾ. വിമാനത്തിലുണ്ടായിരുന്നവരുടെ ജീവഹാനി സംബന്ധിച്ചോ അവരുടെ ഐഡന്റിറ്റിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രാദേശിക സമയം വൈകുന്നേരം 7.45ഓടെയാണ് ബോംബാർഡിയർ ചലഞ്ചർ 600 എന്ന ഇരട്ട എഞ്ചിൻ ജെറ്റ് വിമാനം അപകടത്തിൽപ്പെട്ടത്. ടെക്സാസിൽ നിന്നാണ് വിമാനം മെയ്‌നിലെത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായുള്ള ഒരു പ്രമുഖ നിയമ സ്ഥാപനത്തിന്റെ വിലാസത്തിലാണ് ഈ വിമാനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ രേഖകൾ പ്രകാരം 2020 ഏപ്രിലിലാണ് ഈ വിമാനം സർവീസ് ആരംഭിച്ചത്.

അപകടസമയത്ത് വിമാനത്താവള പരിസരത്ത് നേരിയ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായും മെയ്‌നിലെ പല ഭാഗങ്ങളിലും ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നുവെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ചേർന്ന് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version