വായനയില്‍ അപ്രധാനമെന്ന് തോന്നുന്ന രണ്ട് വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച മണിപ്പൂരില്‍ നിന്നും രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നും പുറത്തുവരികയുണ്ടായി. മണിപ്പൂരിലെ തിരക്കേറിയ വിപണികളില്‍ സൈനികര്‍ ഉപയോഗിക്കുന്നതിന് സമാനമായ വസ്ത്രങ്ങള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നുവെന്നായിരുന്നു ഒരു വാര്‍ത്ത. വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്ത് ഇരുവിഭാഗവും സൈനിക വേഷം ധരിച്ചെത്തിയാണ് ആക്രമണം നടത്തുന്നതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളെയും സംസ്ഥാന വ്യാപകമായി വിന്യസിച്ചിട്ടുണ്ട് എന്നതിനാല്‍ ആരാണ് യഥാര്‍ത്ഥ സൈനികന്‍ എന്ന് തിരിച്ചറിയാന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, സേനകള്‍ക്കും പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ക്കും സാധിക്കുന്നില്ലെന്ന അവസ്ഥയുമുണ്ട്. അതിനിടയിലാണ് സൈനിക വസ്ത്രങ്ങള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നുവെന്നും അത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പിടിച്ചെടുത്തു എന്നുമുള്ള വാര്‍ത്തകള്‍ വന്നത്. ജയ്സാല്‍മീറിന്റെ അതിര്‍ത്തി പ്രദേശമായ നച്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സൈനിക വേഷത്തിലെത്തിയ നാലു യുവാക്കള്‍ പിടിയിലായെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഇവരില്‍ നിന്ന് സൈനികര്‍ ഉപയോഗിക്കുന്നതിന് സമാനമായ യൂണിഫോമുകള്‍, കാലുറകള്‍, തൊപ്പികള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇവയെല്ലാം സൈനികര്‍ ഉപയോഗിക്കുന്ന യഥാര്‍ത്ഥ വസ്തുക്കളോട് വളരെയധികം സാമ്യമുള്ളതായിരുന്നുവെന്നും വാര്‍ത്തയിലുണ്ട്. മണിപ്പൂരില്‍ സൈനിക വേഷത്തിലെത്തിയുള്ള ആക്രമണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സൈന്യം എല്ലാ വിപണികളിലും പരിശോധന നടത്തി വ്യാജവസ്തുക്കള്‍ പിടിച്ചെടുത്തത്. ജയ് സാല്‍മീറിലാകട്ടെ യാദൃച്ഛികമായാണ് നാലു യുവാക്കള്‍ പിടിയിലായത്. ഈ വിഷയം രണ്ട് വാര്‍ത്തകള്‍ എന്നതിനപ്പുറം പ്രാധാന്യമര്‍ഹിക്കുന്നതും ഗുരുതരമാകുന്നതും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടു മാത്രമല്ല; കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിന്റെ ഫലമാണ് എന്ന നിലയിലുമാണ്.
പ്രതിരോധരംഗത്തെ പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ ശക്തമായി എതിര്‍ത്തുപോരുന്ന സംഘടനകള്‍ ഈ വിഷയം ഗൗരവത്തോടെ ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തെ സൈനിക യൂണിഫോമുകളും അനുബന്ധ വസ്തുക്കളും പൊതു ഉടമസ്ഥതയിലുണ്ടായിരുന്ന ഓര്‍ഡനന്‍സ് ഫാക്ടറികളുടെ വിവിധ യൂണിറ്റുകളിലാണ് നിര്‍മ്മിച്ചുപോന്നിരുന്നത്. എന്നാല്‍ ഇവയുടെ കോര്‍പറേറ്റ്‌വല്‍ക്കരണത്തിലൂടെ യൂണിഫോമുകള്‍ ഉള്‍പ്പെടെ സ്വകാര്യസംരംഭകര്‍ നിര്‍മ്മിക്കുന്ന സ്ഥിതിയുണ്ടായി. ഓര്‍ഡനന്‍സ് ഫാക്ടറികളുടെ ഭാഗമായ ട്രൂപ്പ് കംഫര്‍ട്ട് ലിമിറ്റഡ് (ടിസിഎല്‍) എന്ന സംരംഭത്തിന്റെ കാണ്‍പൂര്‍, ഷാജഹാന്‍പൂര്‍, ആവടി, ഹസ്രത്ത്പൂര്‍ എന്നിവിടങ്ങളിലായിരുന്നു സൈനിക യൂണിഫോമുകളും മറ്റും നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികളുടെ ഭാഗമായി യൂണിഫോം, അനുബന്ധ വസ്തുക്കളുടെ നിര്‍മ്മാണം ഭീമമായ അളവില്‍ സ്വകാര്യ സംരംഭങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. ടിസിഎല്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് സ്വകാര്യ സംരംഭകരുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം വിലക്കൂടുതല്‍ ഉണ്ടെങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നുവെന്നാണ് ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ (എഐഡിഇഎഫ്) ജനറല്‍ സെക്രട്ടറി സി ശ്രീകുമാര്‍ വ്യക്തമാക്കിയത്. 24 ലക്ഷം യൂണിഫോമുകളാണ് ടിസിഎല്‍ വഴി ഉല്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ 50 ശതമാനം സ്വകാര്യ സംരംഭകരെയാണ് എല്പിച്ചിരിക്കുന്നത്.
ഇതുകൂടി വായിക്കൂ: രാജ്യം അത്യസാധാരണമായ സാഹചര്യത്തില്‍
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് വിവിധ സംഘടനകള്‍ കാര്യങ്ങള്‍ ഗുരുതരമെന്ന് ധരിപ്പിച്ചിരുന്നു. എന്നാല്‍ കോര്‍പറേഷനായതിനാല്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ടിസിഎല്‍ ആകട്ടെ പുതുതായി രൂപകല്പന ചെയ്ത ഡിജിറ്റല്‍ പ്രിന്റഡ് ആര്‍മി യൂണിഫോം നിര്‍മ്മാണം ആരംഭിച്ചിരുന്നു. ആ ഘട്ടത്തിലാണ് പകുതി ഉല്പാദനം സ്വകാര്യസംരംഭകരെ എല്പിച്ചത്. ടിസിഎല്ലും സ്വകാര്യസംരംഭകരും ഉല്പാദിപ്പിക്കുന്ന യൂണിഫോമും അനുബന്ധ വസ്തുക്കളും ഗുണനിലവാരത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസമുണ്ടെന്ന് അവയുടെ വില വ്യത്യാസം പരിശോധിച്ചാല്‍ വ്യക്തമാകും. സൈനിക കാന്റീന്‍ വഴി ടിസിഎല്‍ 2400 രൂപയ്ക്കാണ് യൂണിഫോം നല്‍കുന്നത്. അതേസമയം സ്വകാര്യ സംരംഭകര്‍ 1575 രൂപയ്ക്ക് നല്‍കുന്നു. ഈ വിലവ്യത്യാസമാണ് സ്വകാര്യസംരംഭകരെ ആശ്രയിക്കുന്നതിനുള്ള കാരണമായി പറയുന്നത്. ഇത് സൈനികരെയാണ് ദോഷകരമായി ബാധിക്കുക എന്ന കാര്യത്തിലും സംശയമില്ല. ടിസിഎല്‍ രൂപകല്പന ചെയ്ത് അതീവരഹസ്യ സ്വഭാവത്തോടെ നിര്‍മ്മിച്ചിരുന്ന യൂണിഫോം സ്വകാര്യസംരംഭകരും ഉല്പാദിപ്പിച്ചു തുടങ്ങിയതോടെയാണ് വ്യാപകമായി വിപണിയില്‍ ലഭ്യമായി തുടങ്ങിയതെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. ഫലത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രതിരോധരംഗത്തുപോലും സ്വകാര്യവല്‍ക്കരണം നടപ്പിലാക്കിയത്, ഗുണനിലവാരക്കുറവിന് മാത്രമല്ല ദുരുപയോഗം ഉള്‍പ്പെടെ സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാരണമായി. മണിപ്പൂരും ജയ്സാല്‍മീറും അതിന്റെ സൂചനകളായി കണ്ട് തീരുമാനം മാറ്റണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. പക്ഷേ ലാഭം മാത്രം ലക്ഷ്യംവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന് സന്നദ്ധമാകുമെന്ന് കരുതാനാവില്ല.