13 April 2024, Saturday

രാജ്യം അത്യസാധാരണമായ സാഹചര്യത്തില്‍

Janayugom Webdesk
October 7, 2023 5:00 am

ഫാസിസ്റ്റ് ഭരണകൂടം നിലനില്പിനായുള്ള അവസാന തന്ത്രങ്ങളെല്ലാം പ്രയോഗിക്കുന്ന അസാധാരണ സാഹചര്യത്തിലെത്തിയിരിക്കുന്നു നമ്മുടെ രാജ്യം. അധികാരപ്രമത്തതയുടെ ആവനാഴിയിലെ എല്ലാ ആയുധപ്രയോഗങ്ങളും കാണുകയാണ് നമ്മള്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകള്‍ മാത്രം ജയിച്ചുകയറാന്‍ മതിയാകില്ലെന്ന് ബോധ്യപ്പെട്ട നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, തങ്ങളുടെ വളര്‍ത്തുജീവികളെപ്പോലെ പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളെയും രംഗത്തിറക്കി എതിരാളികളെ പൂട്ടാന്‍ ശ്രമിക്കുകയാണ്. അധികാരമേറിയതുമുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായി നികുതി (ഐടി) വകുപ്പ്, സിബിഐ, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തുടങ്ങിയ ഏജന്‍സികളും കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസും രംഗത്തുണ്ടായിരുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്ത പലരെയും ഈ ഏജന്‍സികളെ ഉപയോഗിച്ച് തടവിലാക്കുകയോ കേസില്‍പ്പെടുത്തി ദ്രോഹിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. ബിജെപിയോട് വിയോജിച്ചു നില്‍ക്കുന്ന, സ്വതന്ത്രമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്ന നൂറുകണക്കിന് പേരാണ് ഇതിനകം പ്രതികാര നടപടികള്‍ക്ക് ഇരയായത്. ലിംഗ വ്യത്യാസവും ജാതിമത അന്തരങ്ങളും ഭാഷയുടെയും സംസ്ഥാനങ്ങളുടെയും വേര്‍തിരിവുകളുമില്ലാതെ വേട്ട തുടരുകയാണ്. അടുത്തെത്തിയ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ പഴയതുപോലെ എളുപ്പമല്ലെന്ന് ബിജെപിക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.


ഇതുകൂടി വായിക്കൂ:  ഫാസിസ്റ്റ് കാലത്തെ സ്വാതന്ത്ര്യദിനം


അതിനുള്ള കാരണങ്ങള്‍ പലതാണ്. വന്‍കിട മാധ്യമങ്ങളെല്ലാം മോഡി സ്തുതിപാഠകരായി മാറിയെങ്കിലും വസ്തുതകള്‍ മാത്രമേ വിളിച്ചുപറയൂ എന്ന് ദൃഢനിശ്ചയമുള്ള അപൂര്‍വം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ഭരണാധികാരികളുടെ പൊയ്‌മുഖങ്ങളും ഭയമേതുമില്ലാതെയും പ്ര ലോഭനങ്ങള്‍ക്ക് വ ഴങ്ങാതെയും പ്രസ്തു ത മാധ്യമങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. പ്രതിപക്ഷ നിരയിലാണെങ്കില്‍ ഇതുവരെയില്ലാത്ത ഐക്യവും രൂപപ്പെട്ടിരിക്കുന്നു. ഇന്ത്യ എന്ന പേരിലുള്ള സഖ്യം ഇപ്പോ ഴത്തെ നിലയിലും പരസ്പര ധാരണയോടെയും മുന്നോട്ടുപോകുകയാണെങ്കില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്ന് നിരീക്ഷകരെല്ലാം വിലയിരുത്തുന്നു. എണ്ണത്തില്‍ കൂടുതലാണെങ്കിലും എന്‍ഡിഎ എന്ന ബിജെപിയുടെ സഖ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് അതാത് സംസ്ഥാനങ്ങളില്‍ പോലും വ്യാപക സ്വാധീനമുണ്ടാക്കുവാന്‍ കഴിയുന്ന സ്ഥിതിയുമില്ല. മാത്രമല്ല, വിവിധ വിഷയങ്ങളുടെ പേരില്‍ പല സംസ്ഥാനങ്ങളിലെയും എന്‍ഡിഎ സഖ്യകക്ഷികള്‍ പുറന്തിരിഞ്ഞു നില്‍ക്കുകയുമാണ്. വലിയ വോട്ടുബാങ്കായ സ്ത്രീകളുടെ പ്രീതി പിടിച്ചുപറ്റാമെന്ന തെറ്റിദ്ധാരണയില്‍ കൊണ്ടുവന്ന വനിതാ സംവരണ നിയമമാകട്ടെ ബൂമറാങ്ങുപോലെ തിരിച്ചടിച്ചു. അങ്ങനെ മൊത്തത്തില്‍ വിറളി പിടിച്ച ബിജെപി, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ട കടുപ്പിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കൂ:  ഇന്ത്യ: ഫാസിസ്റ്റ്‌വിരുദ്ധ ചേരിയുടെ ഉദയം


അഞ്ചു ദിവസത്തിനിടെ ഇഡി, ഐടി, സിബിഐ, എന്‍ഐഎ, ഡല്‍ഹി പൊലീസ് എന്നീ സംവിധാനങ്ങള്‍ പത്തോളം സംസ്ഥാനങ്ങളിലായി 200ലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. സത്യം വിളിച്ചുപറയുമെന്ന നിലപാട് കൈവിടാത്ത ന്യൂസ് ക്ലിക്കിനെതിരായ നടപടിക്ക് പുറമേ ഡല്‍ഹിയില്‍ എഎപി, ബംഗാളില്‍ ടിഎംസി, ബിഹാറില്‍ ആര്‍ജെഡി, ഝാര്‍ഖണ്ഡില്‍ ജെഎംഎം, രാജസ്ഥാനില്‍ കോണ്‍ഗ്രസ്, തമിഴ്‌നാട്ടില്‍ ഡിഎംകെ, തെലങ്കാനയില്‍ ബിആര്‍എസ് തുടങ്ങിയ പാര്‍ട്ടി നേതാക്കളെയും മന്ത്രിമാരെയും ചോദ്യം ചെയ്തു, ചിലരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷം ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും നേതാക്കളുമായി ഇരുപതോളം പേര്‍ ഇതിനകം ജയിലില്‍ അടയ്ക്കപ്പെട്ടുകഴിഞ്ഞു. അഞ്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാരും അവരുടെ ബന്ധുക്കളും വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും അവസാനിപ്പിക്കാതെ റെയ്ഡുകളും ചോദ്യം ചെയ്യലുകളും ആവര്‍ത്തിക്കുകയാണ്. പുതിയ കേസുകള്‍ കെട്ടിച്ചമച്ചാണ് കൂടുതല്‍ പേരെ അന്വേഷണ വലയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. 2014–18 കാലത്തെ ഒരു കേസ് കണ്ടെടുത്താണ് പശ്ചിമ ബംഗാള്‍ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി രതിൻ ഘോഷിന്റെ വസതിയിലും 12 ഓളം സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തിയത്.


ഇതുകൂടി വായിക്കൂ:  കൂട്ടം തെറ്റിയ കുഞ്ഞാട്


ആദായ നികുതിയുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടിൽ ഡിഎംകെ എംപി ജഗത്‌രക്ഷകന്റെ വീട്ടിലും ബന്ധപ്പെട്ട 40 സ്ഥലങ്ങളിലും ഇൻകം ടാക്സ് റെയ്ഡ് നടത്തിയത്. കർണാടകയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ച ചില വ്യവസായികളുടെ വീടുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളുമായി ബന്ധമുള്ള 62 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡുണ്ടായി. കേരളത്തില്‍ സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ പേരില്‍ ഭരണമുന്നണിയിലെ നേതാക്കളെ കെണിയിലാക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. ഈ വിധത്തില്‍ അസാധാരണമായ സാഹചര്യമാണ്, അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ് രാജ്യത്ത് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.