Site iconSite icon Janayugom Online

സാധ്യതാ പട്ടിക വി മുരളീധരൻ പക്ഷത്തിന് തിരിച്ചടി; നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ മുൻകൂട്ടി ഇറക്കാൻ ബിജെപി

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ മുൻകൂട്ടി ഇറക്കാൻ ബിജെപി ഒരുങ്ങുന്നു. വിജയസാധ്യതയുണ്ടെന്ന് പാർട്ടി വിലയിരുത്തിയ മണ്ഡലങ്ങളിലെ സാധ്യത പട്ടികയിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരന്റെയും മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പക്ഷത്തിനും തിരിച്ചടിയാണ്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും വി മുരളീധരൻ കഴക്കൂട്ടത്തും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. 

കൂടാതെ കോവളത്ത് എസ് സുരേഷ്, തൃശ്ശൂരിൽ എം ടി രമേശ്, മണലൂരിൽ എ എൻ രാധാകൃഷ്ണൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ, ഒല്ലൂരിൽ ബി ഗോപാലകൃഷ്ണൻ, തിരുവനന്തപുരം സെൻട്രലിൽ ജി കൃഷ്ണകുമാർ, കോന്നിയിൽ കെ സുരേന്ദ്രൻ, ആറൻമുളയിൽ കുമ്മനം രാജശേഖരൻ, തിരുവല്ലയിൽ അനൂപ് ആന്റണി, പൂഞ്ഞാറിൽ ഷോൺ ജോർജ്, വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാൽ, അമ്പലപ്പുഴയിൽ സന്ദീപ് വചസ്പതി തുടങ്ങിയ പേരുകളാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. 

ഇവർ മണ്ഡലങ്ങളിൽ സജീവമാകാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി പട്ടികയിലും അവഗണിച്ചതിൽ മുരളീധര പക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെയും പി കെ കൃഷ്ണദാസിന്റെയും അടുപ്പക്കാരാണ് സ്ഥാനാർത്ഥി പട്ടികയിൽ കൂടുതലും. കെ സുരേന്ദ്രന്റെ രാജ്യസഭയിലേക്കുള്ള സാധ്യത ഇല്ലാതാക്കാൻ കേരളത്തിൽ നിന്നും ബിജെപി രാജ്യസഭാ എംപിയായി സി സദാനന്ദനെ തെരഞ്ഞെടുക്കാൻ മുൻകൈയെടുത്തതും രാജീവ് ചന്ദ്രശേഖർ ആണെന്ന ആക്ഷേപവും മുരളീധരപക്ഷത്തിനുണ്ട്.

Exit mobile version