2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ത്ഥകള്‍ പാസ്സാക്കുന്നതിനായി ചേര്‍ന്ന അഞ്ചാം സമ്മേളനം നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്നവസാനിച്ചു. ജൂണ്‍ 27 ന് ആരംഭിച്ച സമ്മേളനം ആകെ 23 ദിനങ്ങള്‍ ചേരാനാണ് ആദ്യ കലണ്ടര്‍ തയ്യാറാക്കിയിരുന്നതെങ്കിലും വ്യത്യസ്ത കാരണങ്ങളാല്‍8 ദിവസത്തെ സമ്മേളനം വെട്ടിച്ചുരുക്കി 15 ദിവസങ്ങളാണ് യോഗം ചേര്‍ന്നത്. അതില്‍ ധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കായി 11 ദിവസങ്ങളും നിയമ നിര്‍മ്മാണത്തിനായി രണ്ടു ദിവസവും ഉപധനാഭ്യര്‍ത്ഥനകള്‍ പരിഗണിക്കുന്നതിനായി ഒരു ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി ഒരു ദിവസവും നീക്കിവെച്ചു.നിയമനിര്‍മ്മാണത്തില്‍ രണ്ട് ധനകാര്യ ബില്ലുകളും, 2022 – ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയച്ച് പിന്നീട് പാസ്സാക്കുകയും ചെയ്തു. 2022–23 വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും ഉപധനാഭ്യര്‍ത്ഥനയെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗ ബില്ലുകളും അതോടൊപ്പം പാസാക്കി.
ഈ സമ്മേളന കാലയളവില്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി 4 വെള്ളിയാഴ്ചകള്‍ മാറ്റിവയ്ക്കപ്പെട്ടിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സഭ സമ്മേളിച്ച ഏക വെള്ളിയാഴ്ചയായ ഈമാസം 15-ാം തീയതി രാവിലെ തന്നെ സഭ പിരിയേണ്ട സാഹചര്യം ഉണ്ടായതിനാല്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യം സംബന്ധിച്ച വേണ്ടത്ര നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത സാഹചര്യം ഈ സമ്മേളനകാലത്തും ആവര്‍ത്തിക്കപ്പെടുക യുണ്ടായി. അഞ്ചാം സമ്മേളനം നടന്ന കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള 11നോട്ടീസുകളാണ് സഭ പരിഗണിച്ചത്. അതില്‍ സ്വര്‍ണ്ണക്കടത്തുകേസ്, എ.കെ.ജി. സെന്റര്‍ ആക്രമണം എന്നീ വിഷയങ്ങളിന്മേലുള്ള രണ്ട് നോട്ടീസുകള്‍ക്ക് അവതരണാനുമതി ലഭിക്കുകയും തുടര്‍ന്ന് സഭ ഇപ്പോള്‍ നിര്‍ത്തി വയ്ക്കുന്നു എന്ന പ്രമേയത്തിന്മേല്‍ രണ്ടു മണിക്കൂറിലധികം സമയം വീതം ചര്‍ച്ച നടത്തുകയും ചെയ്തു. ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിയായി സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതുവിതരണ സമ്പ്രദായം കാര്യക്ഷമ മാക്കുന്നതിന് സംസ്ഥാനത്തിനര്‍ഹമായ റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കേണ്ടതിനെ സംബന്ധിച്ചും ചട്ടം 118 പ്രകാരമുള്ള രണ്ട് ഗവണ്മെന്റ് പ്രമേയങ്ങളും ഈ സമ്മേളനകാലയളവില്‍ സഭ പാസ്സാക്കി.
കൂടാതെ, സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ചട്ടം 300 അനുസരിച്ച് ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ ഒരു പ്രസ്താവനയും നടത്തി.സമ്മേളന കാലയളവില്‍ 24 ശ്രദ്ധക്ഷണിക്കലുകളും 120 സബ്മിഷനുകളും സഭ മുമ്പാകെ അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി പറയുകയും ചെയ്തു. 929 രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുകയും വിവിധ നിയമസഭാ കമ്മിറ്റികളുടേതായ 78 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തുഈ സമ്മേളനത്തില്‍ 2022 ജൂണ്‍ 27 മുതല്‍ ജൂലായ് 21 വരെയുള്ള കാലത്ത് 15 ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 5990 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭിച്ചത്. ഇതില്‍ 35 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 36 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 450 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 5469 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 5919 ചോദ്യങ്ങള്‍ അച്ചടിച്ചു. ഇതില്‍ നക്ഷത്ര ചിഹ്നമിട്ട 450 ചോദ്യങ്ങള്‍ക്കും നക്ഷത്ര ചിഹ്നമിടാത്ത 5027 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ സമ്മേളനകാലത്തു തന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്.
442 ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും ലഭിക്കേണ്ടതുണ്ട്.ചോദ്യോത്തര വേളകളില്‍ 44 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 358 അവസരങ്ങളിലായി 398 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.അടിയന്തര ചോദ്യത്തിനായി ഒരു നോട്ടീസ് ലഭിക്കുകയും ആയത് അനുവദിക്കുകയും ചെയ്തു.പതിമൂന്നാം കേരള നിയമസഭയുടെയും പതിനാലാം കേരള നിയമസഭയുടെയും വിവിധ സമ്മേളനങ്ങളിലേയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നു മുതല്‍ നാലു വരെയുള്ള സമ്മേളനങ്ങളിലെയും മറുപടിയോ അന്തിമ മറുപടിയോ ലഭ്യമാക്കാതിരുന്ന ചോദ്യങ്ങളില്‍ 96 എണ്ണത്തിന്റെ ഉത്തരം ചട്ടം 47(2) പ്രകാരമുള്ള കാലതാമസപത്രിക സഹിതം ഈ സമ്മേളനകാലത്ത് സഭയില്‍ സമര്‍പ്പിച്ചു.
തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് റവന്യൂ-ഭവനനിര്‍മ്മാണ ജലവിഭവ , വൈദ്യുതി , വനം — വന്യജീവി , പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും നിയമം, വ്യവസായം, കയര്‍ , കൃഷി തുറമുഖം, മ്യൂസിയം, പുരാവസ്തു , സഹകരണ-രജിസ്ട്രേഷന്‍, സാംസ്കാരികം പൊതുവിദ്യാഭ്യാസ‑തൊഴില്‍, മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പുമന്ത്രി, ഭക്ഷ്യ‑പൊതുവിതരണ ‚എന്നീ വകുപ്പിലെ മന്ത്രിമാര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഇതിനകം മറുപടി ലഭ്യമാക്കിയിട്ടുണ്ട്.നിയമസഭാ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാക്കുന്നതില്‍ പൊതുവില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്.
ആസാദി കാ അമൃത് മഹോത്സവി‘ന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വിപുലമായി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള ഓഡിയോ-വീഡിയോ പ്രദര്‍ശനത്തിന്റെ പ്രാരംഭമെന്ന നിലയില്‍ അംഗങ്ങള്‍ക്കായി ഇന്നലെയും ഇന്നുമായി ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാള്‍ പരിസരത്ത് ഒരുക്കിയ പ്രദര്‍ശനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. വരും നാളുകളില്‍ ബഹുമാനപ്പെട്ട അംഗങ്ങളുടെ സഹകരണത്തോടെ അതതു മണ്ഡലങ്ങളില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര പുസ്തകമേളയും മറ്റ് സാംസ്കാരിക പരിപാടികളും ആവിഷ്കരിച്ചു നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.
English Summary: Proceedings of the 15th Kerala Legislative Assembly 5th Session ended today; Ministers answered the questions of the Legislative Assembly in time
You may also like this video: