കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ ഘട്ടത്തില്‍ ഇച്ഛാശക്തിയോടെ കേരളസര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡില്‍ (പഴയ എച്ച്എന്‍എല്‍ ന്യൂസ് പ്രിന്റ് ഫാക്ടറി) വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനു തുടക്കമായി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ന്യൂസ് പ്രിന്റിനു പുറമേ നോട്ട് ബുക്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കടലാസിന്റെ നിര്‍മ്മാണത്തിലേയ്ക്കും കമ്പനി കടക്കണമെന്ന് മന്ത്രി പറഞ്ഞു. പേപ്പർ നിർമ്മാണത്തിനുള്ള മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും അതു വെട്ടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മാർച്ച് മാസത്തോടു കൂടി കെപിപിഎല്ലിന്റെ ഉല്പാദനം ലാഭകരമായ ഘട്ടത്തിലേക്കു കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടുകൂടി തൊഴിലാളികൾക്കു സ്ഥിരം നിയമനം നൽകുന്നതിനു തുടക്കം കുറിക്കുമെന്ന് ഉറപ്പുനൽകുന്നതായും മന്ത്രി പി രാജീവ് ചടങ്ങിൽ വ്യക്തമാക്കി.
3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. അഞ്ചുലക്ഷം മെട്രിക് ടൺ ഉല്പാദനത്തിലേക്ക് സ്ഥാപനത്തെ എത്തിക്കാനും. 3000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. നാലഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് പൊതുമേഖലയിൽ സൃഷ്ടിക്കാൻ പറ്റുന്ന തൊഴിലവസരങ്ങൾക്കു തുല്യമാണിതെന്നും പി രാജീവ് പറഞ്ഞു. അടച്ചിട്ട സ്ഥാപനം ലേലത്തിലൂടെ സംസ്ഥാനസർക്കാർ ഏറ്റെടുത്തു വ്യവസായിക ഉല്പാദനത്തിന് തുടക്കം കുറിച്ചത് അപൂർവ ചരിത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സഹകരണ മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. വനം മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ സി കെ ആശ, മോൻസ് ജോസഫ്, കേരള റബർ ലിമിറ്റഡ് സിഎംഡി ഷീല തോമസ്, കെപിപിഎൽ സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
കെപിപിഎൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യ ലോഡുമായുള്ള വാഹനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡി ഇങ്കിങ് ഫാക്ടറിയുടെ സ്വിച്ച് ഓൺ കർമം സഹകരണ മന്ത്രി വി എന്‍ വാസവൻ നിർവഹിച്ചു.
English Summary: Production started at Vellore KPPL
You may like this video also