തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആകാശക്കള്ളൻ ആന്ധ്രാപ്രദേശ് സ്വദേശി സമ്പത്തി ഉമാ പ്രസാദിന് പ്രൊഡക്ഷൻ വാറണ്ട് അയയ്ക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതിയെ ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ വീണ്ടെടുക്കുന്നതിനും തെളിവു ശേഖരണത്തിനും അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
നഗരത്തിലെ പ്രദേശങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞ് മനസിലാക്കിയ ശേഷമാണ് സമ്പത്തി ഉമാ പ്രസാദ് തിരുവനന്തപുരത്ത് മേയ് 28ന് വിമാനമിറങ്ങിയത്. പഴവങ്ങാടി ഫോര്‍ട്ട് വ്യൂ ഹോട്ടലില്‍ റൂമെടുത്ത ശേഷം ആദ്യം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കോവളം, ശംഖുംമുഖം, വേളി, മ്യൂസിയം ഉള്‍പ്പെടെയുളള സ്ഥലങ്ങളിലും ചുറ്റിയടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌ത് ലൊക്കേഷനുകള്‍ മനസിലാക്കിയതായി പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നതായി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
ജുണ്‍ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി. 19ന് ഫോര്‍ട്ട് സ്റ്റേഷൻ പരിധിയില്‍ വാഴപ്പളളിയിലെ രത്നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടിലും 28ന് മണക്കാട് നജാബിന്റെ വീട്ടിലും മോഷണം നടത്തി. ദൗത്യം പൂര്‍ത്തിയാക്കി ജുലൈ ഒന്നിനായിരുന്നു മടക്കം.
പിടിക്കപ്പെടാത്ത സ്ഥിതിക്ക് താൻ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതല്‍ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചിന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിക്കുകയായിരുന്നു.
പേട്ട സിഐ സാബു ബി,ഫോര്‍ട്ട് സിഐ രാകേഷ് കെ, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് എസ്ഐ ഉമേഷ്, പേട്ട എസ്ഐ അഭിലാഷ്, ഫോര്‍ട്ട് എസ്ഐമാരായ വിനോദ്, സാബു, തിരുവനന്തപുരം സിറ്റി ഷാഡോ ടീം സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദീപു, രാജീവ്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
You may also like this video