Site icon Janayugom Online

പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാംപ്രതി സജില്‍ ഉൾപ്പെടെ ആറുപ്രതികൾ കുറ്റക്കാർ. അഞ്ചുപേരെ വെറുതെവിട്ടു. കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ‌്കറാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വൈകിട്ട് മൂന്നിന് വിധിക്കും.

സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി 11 പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ടാംപ്രതി സജൽ, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസർ, അഞ്ചാംപ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ആയുധം ഉപയോഗിച്ച് ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ കുറ്റകൃത്യത്തിൽ പങ്കുള്ളവരെ ഒളിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ വകുപ്പുകളാണ് ചുമത്തിയത്.
നാലാംപ്രതി ഷഫീഖ്, ആറാംപ്രതി അസീസ് ഓടക്കാലി, ഏഴാംപ്രതി മുഹമ്മദ് റാഫി, എട്ടാംപ്രതി സുബൈർ, പത്താംപ്രതി മൻസൂർ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. അധ്യാപകന്റെ കൈവെട്ടിയെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന പ്രധാനപ്രതി അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്.

കേസിൽ ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിൽ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രതികൾ സംഘം ചേർന്ന് പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി.
ആദ്യം കേരള പൊലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് ഒമ്പതിനാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന് ആദ്യഘട്ടം വിധിപറഞ്ഞു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

കുറ്റക്കാരെന്ന് കണ്ടെത്തിയവരും വെറുതെവിട്ടവരും

1. അശമന്നൂർ സവാദ് (ഇപ്പോഴും ഒളിവിൽ)
2. സജിൽ — കുറ്റക്കാരൻ
3. നാസർ — കുറ്റക്കാരൻ
4. ഷഫീഖ് — വെറുതെ വിട്ടു
5. നജീബ് — കുറ്റക്കാരൻ
6. അസീസ് ഓടക്കാലി — വെറുതെ വിട്ടു
7. മുഹമ്മദ് റാഫി — വെറുതെ വിട്ടു
8. സുബൈർ — വെറുതെ വിട്ടു
9. നൗഷാദ് — കുറ്റക്കാരൻ
10. മൻസൂർ — വെറുതെ വിട്ടു
11. മൊയ്തീൻ കുഞ്ഞ് ‑കുറ്റക്കാരന്‍
12. അയൂബ് — കുറ്റക്കാരന്‍

യഥാർത്ഥ പ്രതികൾ ഗൂഢാലോചന നടത്തിയവർ: പ്രൊഫ. ടി ജെ ജോസഫ്

കൊച്ചി: തന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികളെ ശിക്ഷിച്ചത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന അഭിപ്രായമില്ലെന്ന് പ്രൊഫ. ടി ജെ ജോസഫ്. യഥാർത്ഥ പ്രതികൾ കാണാമറയത്തിരുന്ന് ഗൂഢാലോചന നടത്തിയവരാണ്. പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണ് പ്രതികളെന്നും കേസിലെ രണ്ടാംഘട്ട വിധിക്ക് ശേഷം ടി ജെ ജോസഫ് പ്രതികരിച്ചു. പ്രധാനപ്രതി സവാദിനെ കണ്ടെത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണെന്നും ടി ജെ ജോസഫ് പറഞ്ഞു.
എന്റെ ജീവിതം ആരും തകർത്തിട്ടില്ല. ഇപ്പോഴും മുന്നോട്ട് പോകുന്നുണ്ട്. ജീവിതം മാറ്റി മറിച്ചു എന്ന് മാത്രമാണ് കരുതുന്നത്. പക്ഷേ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏത് യുദ്ധത്തിലും ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും. പോരാട്ടം തുടരുകയാണ്’- പ്രൊഫ. ജോസഫ് പറഞ്ഞു.

Eng­lish Summary:Professor TJ Joseph’s palm ampu­tat­ed case; The court found six accused guilty

You may also like this video

Exit mobile version