Site iconSite icon Janayugom Online

കുത്തകകള്‍ക്ക് കേന്ദ്രം നല്‍കിയ ലാഭം; 11.14 ലക്ഷം കോടി

രാജ്യത്തെ മഹാഭൂരിപക്ഷം പൗരന്‍മാരും നികുതി ഭാരത്താല്‍ വലയുമ്പോള്‍ ശതകോടികളുടെ കോര്‍പറേറ്റ് നികുതിയിളവ് തുടര്‍ന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍. വന്‍കിട കുത്തക കമ്പനികളുടെ നികുതി നിരക്ക് കുറച്ചത് വഴി 2019 മുതല്‍ ഇതുവരെ 3.14 ലക്ഷം കോടിയാണ് കുത്തക കമ്പനികളുടെ കീശ നിറച്ചത്. ഇതുകൂടാതെ റവന്യു വരുമാനത്തിലെ വെട്ടിക്കുറവ് പരിഗണിച്ച് കേന്ദ്ര ധനമന്ത്രാലയം വിവിധ കമ്പനികള്‍ക്ക് അനുവദിച്ച ഗ്രാന്റിനത്തില്‍ എട്ട് ലക്ഷം കോടിയും കുത്തക കമ്പനികളുടെ പക്കല്‍ എത്തിച്ചേര്‍ന്നു.
2019 മുതല്‍ 24 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ കുത്തക കമ്പനികളുടെ രക്ഷകനായി മാറി, കോര്‍പറേറ്റ് നികുതി നിരക്ക് കുറച്ചാണ് പാവങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചത്. പരിഷ്കാരം വരുന്നതിന് മുമ്പ് 400 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനത്തില്‍ നിന്ന് 25 ശതമാനം നികുതി ആയിരുന്നു ചുമത്തിയിരുന്നത്. മറ്റുള്ള വന്‍കിട സ്ഥാപനങ്ങളില്‍ പ്രതിവര്‍ഷം 30 ശതമാനം നികുതിയും വസൂലാക്കിയിരുന്നു. 2019ല്‍ വരുത്തിയ അശാസ്ത്രീയ നികുതി പരിഷ്കാരം കുത്തക കമ്പനികളുടെ ലാഭം ഇരട്ടിയായി വര്‍ധിപ്പിച്ചു.
കോര്‍പറേറ്റ് നികുതി 22 ശതമാനത്തിലേക്ക് കുറച്ചാണ് മോഡി മുതലാളിത്ത താല്പര്യം സംരക്ഷിക്കാന്‍ ആരംഭം കുറിച്ചത്. കൂടാതെ ആദായ നികുതി നിരക്കിലും സൗജന്യം പ്രഖ്യാപിച്ചു. പുതിയതായി ആരംഭിക്കുന്ന നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് 22 ശതമാനത്തിലും കുറഞ്ഞ നിരക്കും പ്രഖ്യാപിച്ചുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കോര്‍പറേറ്റ് നികുതി കുറച്ചത് നികുതി ഘടനയുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തിയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി അസോസിയേറ്റ് പ്രൊഫസര്‍ സുരാഞ്ജലി ഠണ്ഡന്‍ പ്രതികരിച്ചു. സ്വകാര്യ മൂലധനനിക്ഷേപം കുന്നുകൂടിയിട്ടും നിരക്ക് കുറച്ചത് സമ്പദ്ഘടനയുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തി. നികുതിയിളവ് ആനുകൂല്യം സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭം വന്‍തോതില്‍ ഇടവരുത്താന്‍ ഇടയാക്കിയെന്നും അവര്‍ പറഞ്ഞു. 

2019 സാമ്പത്തിക വര്‍ഷം വരെ ബിഎസ്ഇ ഇന്‍ഡക്സ് 500 ആയിരുന്നു. ഇതില്‍ കോര്‍പറേറ്റ് നികുതിയുടെ ഭാഗം 30 ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ നികുതി പരിഷ്കാരം ഏര്‍പ്പെടുത്തിയശേഷം നിരക്ക് 21.2 ശതമാനത്തിലേക്ക് ഇടിഞ്ഞതായി ഐഐടി മുംബൈയിലെ സീനിയര്‍ ഫെല്ലോയായ ആര്‍ നാഗരാജ് പറഞ്ഞു. രാജ്യത്തെ 10 പ്രധാന കമ്പനികളാണ് നികുതി നിരക്ക് കുറച്ചതിന്റെ മുഖ്യ ആനുകൂല്യം കരസ്ഥമാക്കിയത്. അമേരിക്കയില്‍ റൊണാള്‍ഡ് റീഗന്‍ ഭരണകാലത്ത് ഇതുപോലെ കോര്‍പറേറ്റ് നികുതി കുറച്ചതുവഴി യുഎസ് സാമ്പത്തിക മേഖല തകര്‍ച്ച നേരിട്ടതായും അദ്ദേഹം പറഞ്ഞു. 

ആദായ നികുതി ഇളവ് വഴി കുത്തക കമ്പനികള്‍ 8.22 ലക്ഷം കോടിയുടെ ലാഭം കൊയ്തുവെന്ന് ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭാവന, ചാരിറ്റബിള്‍ ട്രസ്റ്റ്, രാഷ്ട്രീയ സംഭാവന, ശാസ്ത്രീയ പരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ അമിത ലാഭം നേടിയത്. പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നട്ടം തിരിയുന്ന മഹാഭൂരിപക്ഷം പൗരന്‍മാരും അമിത നികുതി നല്‍കി ഖജനാവ് നിറയ്ക്കുന്ന അവസരത്തിലാണ് മോഡി സര്‍ക്കാര്‍ കുത്തക പ്രേമം തുടരുന്നത്. 

Exit mobile version