Site iconSite icon Janayugom Online

പുനരുപയോഗ ഊർജരംഗത്ത് മുന്നേറ്റം: 1000 മെഗാവാട്ട് കടന്നു

solarsolar

കേരളത്തിന്റെ പുനരുപയോഗ ഊര്‍ജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയില്‍ നിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്. സംസ്ഥാനത്ത് സൗരോര്‍ജം, കാറ്റാടി, ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ എന്നിവയില്‍ നിന്ന് യഥാക്രമം 755 മെഗാവാട്ട്, 70 മെഗാവാട്ട്, 203 മെഗാവാട്ട് എന്നിങ്ങനെയാണ് ഉല്പാദനശേഷി.
ഈ സര്‍ക്കാരിന്റെ കാലത്ത് പാരമ്പര്യേതര ഊര്‍ജ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്. സൗരോര്‍ജത്തില്‍ നിന്ന് 451, മെഗാവാട്ടും ചെറുകിട ജല പദ്ധതികളില്‍ നിന്നും 38 മെഗാവാട്ട് വീതം കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. കാറ്റാടി നിലയങ്ങളില്‍ നിന്ന് 20 മെഗാവാട്ടിന്റെ പദ്ധതി നിര്‍മ്മാണം പുരോഗമിക്കുകയാണ്. കേരളത്തിലെ പുരപ്പുറ സോളാര്‍ ശേഷി 462 മെഗാവാട്ടായി വര്‍ധിച്ചു.

സൗരപദ്ധതി വഴി 141 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പുനരുപയോഗ ഊര്‍ജ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2040 ഓടെ പൂര്‍ണമായി പുനരുപയോഗ ഊര്‍ജത്തിലേക്കും 2050 ഓടെ കാര്‍ബണ്‍ ന്യൂട്രലായും മാറുകയാണ് ലക്ഷ്യം.
വ‍ന്‍കിട സൗരോര്‍ജ പദ്ധതികള്‍ക്ക് സ്ഥലദൗര്‍ലഭ്യം പ്രതിസന്ധിയാകുന്ന സാഹചര്യത്തില്‍ പുരപ്പുറ സൗരോര്‍ജ നിലയങ്ങളിലൂടെ പരമാവധി വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉല്പാദിപ്പിച്ച് വീടുകളിൽ വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും പദ്ധതി വഴി സാധിക്കുന്നു.
മൂന്ന് കിലോവാട്ടിൽ താഴെയുള്ള സോളാർ പ്ലാന്റുകൾക്ക് 40 ശതമാനവും മൂന്ന് മുതൽ മുകളിലേക്ക് 20 ശതമാനവുമാണ് സബ്‌സിഡി ലഭിക്കുക. ഒരു കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്ലാന്റിന് ഏകദേശം 42,000 രുപ ചെലവ് വരും. ഒരു കിലോവാട്ട് പ്ലാന്റിനായി 100 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. ഈ പ്ലാന്റിൽ നിന്ന് പ്രതിദിനം നാല് യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കും. സാധാരണ ഒരു കുടുംബത്തിന് ഒരുദിവസം ഗാർഹിക ആവശ്യത്തിനായി ആറ് മുതൽ എട്ട് യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. ഗാർഹിക ആവശ്യത്തിന് ഉപയോഗിച്ചതിനുശേഷം അധികമുള്ള വൈദ്യുതി വൈദ്യുതി ബോർഡ് ഗ്രിഡ് വഴി വാങ്ങുകയും വർഷത്തിൽ ഇതിന്റെ തുക ഉപഭോക്താക്കൾക്കു നൽകുകയും ചെയ്യും. 

നിലവിൽ സംസ്ഥാനത്ത് 10 കിലോവാട്ടിൽ താഴെയുള്ള പ്ലാന്റുകളാണ് വീടുകളിൽ സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റുകൾ പൂർത്തിയായശേഷം കെഎസ്ഇബി ഉപഭോക്താക്കളുമായി വൈദ്യുതി വിൽക്കുന്നതിനുള്ള കരാറില്‍ ഏർപ്പെടും. പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള തുക ഉപഭോക്താക്കൾ കണ്ടെത്തണം. നിർമ്മാണം പൂർത്തിയായ ശേഷം സബ്‌സിഡി തുക തിരികെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇത് സംസ്ഥാനത്തെ ഊർജ പ്രതിസന്ധി പരിഹരിക്കാന്‍ വലിയ അളവിൽ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 

Eng­lish Sum­ma­ry: Progress in Renew­able Ener­gy: Cross­es 1000 MW

You may also like this video

Exit mobile version