Site iconSite icon Janayugom Online

ഗാര്‍ഹിക പീഡന നിരോധന നിയമം എല്ലാ സ്ത്രീകള്‍ക്കും വേണ്ടി: സുപ്രീം കോടതി

2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ സംരക്ഷണം മതത്തിനും സാമൂഹിക പശ്ചാത്തലത്തിനും അതീതമായി രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.
2005ലെ ഗാര്‍ഹിക പീഡ‍ന നിരോധന നിയമം സിവില്‍ കോഡിന്റെ ഭാഗമാണ്. മതത്തിനും സാമൂഹിക പശ്ചാത്തലത്തിനും അതീതമായി ഭരണഘടന ഉറപ്പുനല്‍കുന്ന സ്ത്രീയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഈ നിയമത്തിലൂടെ കഴിയും. ഗാര്‍ഹിക ബന്ധങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ നിയമം വഴി സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കോടതി പറ‌ഞ്ഞു. ജീവനാംശവും നഷ്ടപരിഹാരവും ലഭിക്കുന്നത് സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. 

യുവതി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 12,000 രൂപ പ്രതിമാസ ജീവനാംശവും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ 2015 ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് മേല്‍ക്കോടതികളിലേക്കും ഹൈക്കോടതിയിലും നിയമയുദ്ധം നീണ്ടു. ഹൈക്കോടതി യുവതിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

Exit mobile version