Site iconSite icon Janayugom Online

പ്രോജക്ട് ചീറ്റ; ഈ വർഷം അവസാനത്തോടെ കൂടുതൽ ചീറ്റകളെ ഇന്ത്യയിലെത്തിക്കും

ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഈ വർഷം അവസാനത്തോടെ കൂടുതൽ ചീറ്റകളെ രാജ്യത്തെത്തിക്കുമെന്ന് റിപ്പോർട്ട്. കെനിയ, ബോട്സ്വാന, നമീബിയ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയിലെ ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് 61 ശതമാനത്തിലധികമാണ്, ഇത് 40 ശതമാനം എന്ന ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി വിപുലീകരിക്കുന്നത്.

ഈ വർഷം ഡിസംബറോടെ നമീബിയയിൽ നിന്നും ബോട്സ്വാനയിൽ നിന്നുമായി എട്ടുമുതൽ 10 വരെ ചീറ്റകളെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെനിയയിൽ നിന്നുള്ള ചീറ്റകളുടെ സംഘം അടുത്ത വർഷം എത്തിയേക്കും. ഭാവിയിൽ ചീറ്റകളെ പാർപ്പിക്കുന്നതിനായി ഗുജറാത്തിലെ ബന്നി പുൽമേടുകളും മധ്യപ്രദേശിലെ നൗരാദേവി വന്യജീവി സങ്കേതവും കണ്ടെത്തിയിട്ടുണ്ട്. കെനിയയിൽ നിന്നെത്തിക്കുന്ന ചീറ്റകളെ ബന്നി പുൽമേടുകളിൽ വിടാനാണ് സാധ്യത.

സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രോജക്ട് ചീറ്റ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. കുനോയിൽ പ്രായപൂർത്തിയായ ചീറ്റകളുടെ അതിജീവന നിരക്ക് ആദ്യ വർഷത്തെ 70 ശതമാനത്തിൽ നിന്ന് രണ്ടാം വർഷമായപ്പോൾ 85.7 ശതമാനമായി ഉയർന്നു. 2022‑ൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയും 2023‑ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയും ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇവയിൽ 11 എണ്ണം അതിജീവിച്ചു. ഇന്ത്യയിൽ ജനിച്ച 26 ചീറ്റക്കുഞ്ഞുങ്ങളിൽ 16 എണ്ണം ജീവനോടെയുണ്ട്. നിലവിൽ ഇന്ത്യയിൽ 27 ചീറ്റകളുണ്ട്, അവയിൽ 15 എണ്ണം സ്വതന്ത്രമായി വനത്തിൽ വിഹരിക്കുന്നു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് പുറമെ ഈ വർഷം ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിലേക്കും മൂന്ന് ചീറ്റകളെ തുറന്നുവിട്ടിരുന്നു

Exit mobile version