Site iconSite icon Janayugom Online

ചീറ്റിപ്പോയ ചീറ്റ പദ്ധതി; ഒരു വര്‍ഷംകൊണ്ട് ചത്തത് ഒമ്പത് ചീറ്റകള്‍

നിറംമങ്ങി രാജ്യത്തിന്റെ ചീറ്റ പുനരധിവാസ പദ്ധതി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ആറ് ആഫ്രിക്കൻ ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ചത്ത സംഭവം കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ചീറ്റ പദ്ധതി അപ്രായോഗികമെന്ന വിലയിരുത്തലുണ്ടാക്കി. വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും നിരീക്ഷണ സംവിധാനങ്ങളും ഉണ്ടായിരുന്നിട്ടും ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ പദ്ധതി പരാജയമായി. മൃഗശുശ്രൂഷാ വിദഗ്ധരുടെ സേവനവും നിരീക്ഷണ സംവിധാനങ്ങളും ഉള്ളതുകൊണ്ട് ചീറ്റകളെ പൂര്‍ണമായി തുറന്നു വിടുന്നതു വരെയെങ്കിലും അവ സുരക്ഷിതരായിരിക്കുമെന്നാണ് കരുതിയതെന്ന് പ്രിട്ടോറിയ സര്‍വകലാശാലയിലെ വന്യജീവി വിദഗ്ധൻ അഡ്രിയൻ ടോര്‍ഡിഫ് പറഞ്ഞു.

നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെയാണ് കൊണ്ടുവന്നത്. അതില്‍ ആദ്യ രണ്ടെണ്ണത്തെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17ന് കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 12 ചീറ്റകളെ എത്തിച്ചു. ഇവിടെയെത്തിയ പ്രായപൂര്‍ത്തിയായ 20 ചീറ്റകളില്‍ ആറെണ്ണം ഇതിനകം ചത്തു. മൂന്നെണ്ണത്തിന് അണുബാധ കണ്ടെത്തി. ഒരു പെണ്‍ചീറ്റ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും അവയില്‍ മൂന്നെണ്ണം ഒരേ ദിവസം ചത്തു. മികച്ച മേല്‍നോട്ടം, വിദഗ്ധോപദേശം, ഏകോപനം എന്നിവയിലൂടെ ഇത്തരം സംഭവങ്ങള്‍ തടയാമായിരുന്നുവെന്ന് ‍ഡെറാഡൂണിലെ ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡീനും പദ്ധതിയുടെ ശാസ്ത്ര സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്ത യാദവേന്ദ്ര ദേവ് ഝാല അഭിപ്രായപ്പെട്ടു. മറ്റൊരു സ്ഥലം കണ്ടെത്തുന്നതുവരെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നത് നിര്‍ത്തിവയ്ക്കണമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ലോകത്തെ ആദ്യ ഭൂഖണ്ഡാന്തര ചീറ്റ പുനരവതരണ പദ്ധതിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ സാധാരണമാണെന്നും തിരിച്ചടിയുണ്ടായിട്ടില്ല എന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.

ബാക്കിയുള്ള പ്രായപൂര്‍ത്തിയായ 14 ചീറ്റകളെയും ഒരു കുഞ്ഞിനെയും പ്രത്യേക സംരക്ഷണത്തിലാക്കുന്നതും നീണ്ടകാലം തുറന്നുവിടാതെ സംരക്ഷിക്കുന്നതും അവയുടെ ആരോഗ്യത്തെയും പ്രദേശവുമായി ഇണങ്ങാനുള്ള കഴിവിനെയും ബാധിക്കുമെന്ന് വന്യജീവി വിദഗ്ധനും ശാസ്ത്ര‍ജ്ഞനുമായ രവി ചെല്ലം അഭിപ്രായപ്പെട്ടു. ശൈത്യകാലത്തിന് ശേഷം ചീറ്റകളെ തുറന്നുവിടുന്ന കാര്യം പരിഗണിക്കുമെന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷൻ അതോറിട്ടി മെമ്പര്‍ സെക്രട്ടറി എസ് പി യാദവ് അറിയിച്ചു. മധ്യപ്രദേശിലെ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതം, നൗരാദേഹി വന്യജീവി സങ്കേതം എന്നിവയാണ് ചീറ്റകളെ തുറന്നുവിടാനായി കണ്ടെത്തിയിട്ടുള്ളതെന്നും ഗാന്ധിസാഗര്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകുമെന്നും യാദവ് പറഞ്ഞു.

Eng­lish Sum­ma­ry: Project Chee­tah; Nine chee­tahs died in one year
You may also like this video

Exit mobile version