Site iconSite icon Janayugom Online

വിധി പറയൽ നീട്ടി ; റഹീം കേസിൽ മോചന ഉത്തരവ് ഉണ്ടായില്ല

സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ മോചന ഉത്തരവ് കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ ഇന്നും വിധിപറഞ്ഞില്ല. ഞായറാഴ്​ച കോടതി കേസ് പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. സിറ്റിങ് പൂർത്തിയായി, വിധി പറയൽ രണ്ടാഴ്ചക്ക്​ ശേഷമെന്ന്​ ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

 

പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.

 

അതേസമയം റഹീമിന്റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.

Exit mobile version