Site iconSite icon Janayugom Online

വയനാട് പുനരധിവാസത്തിനെതിരെ കുപ്രചരണം; മാധ്യമരംഗത്തെ അധമ സംസ്കാരത്തിന്റെ സൂചന: മന്ത്രി

വയനാട് ദുരന്തബാധിത മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസത്തെ അട്ടിമറിക്കുന്ന തരത്തിൽ കുപ്രചാരണം നടത്തുന്നവർക്കെതിരെ സിപിഐ(എം) പ്രതിഷേധം സംഘടിപ്പിച്ചു.തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ പുനരധിവാസക്കണക്കുകൾ സംബന്ധിച്ച് കള്ളപ്രചാരണം നടത്തിയതും ചില മാധ്യമങ്ങൾ അത് തിരുത്താൻ പോലും തയ്യാറാകാതിരുന്നതും മാധ്യമരംഗത്ത് വളർന്നുവരുന്ന അധമ സംസ്കാരത്തിന്റെ സൂചനയാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ദുരന്തം ഉണ്ടായപ്പോൾ മുതൽ സർക്കാരിന്റെ എല്ലാ രക്ഷാസംവിധാനങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു. സർവകക്ഷിയോഗത്തിൽ രാഷ്ട്രീയ എതിരാളികൾ പോലും സർക്കാരിന്റെ പ്രവർത്തനത്തെ പുകഴ്ത്തി. കേന്ദ്രചട്ടങ്ങൾ പ്രകാരമാണ് ചെലവിന്റെ എസ്റ്റിമേറ്റ് നൽകിയത്. ഇതിനെ ചില മാധ്യമങ്ങൾ വളച്ചൊടിച്ച് അവതരിപ്പിച്ചു. വസ്തുത മനസിലായപ്പോൾ ചിലർ തിരുത്തി, ചിലർ തിരുത്തിയില്ല. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ കഴിയുമ്പോൾ എൽഡിഎഫ് സർക്കാരിന് പ്രതിച്ഛായ കൂടുമെന്ന തിരിച്ചറിവാണ് അട്ടിമറി ശ്രമങ്ങൾക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, ബി ആനന്ദക്കുട്ടൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ എന്നിവർ സംസാരിച്ചു.

Exit mobile version